Quantcast

ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് അപകടം: കരാറുകാരനടക്കം നാല് പേർ കസ്റ്റഡിയിൽ

അപകടത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-21 13:38:40.0

Published:

21 Oct 2022 1:33 PM GMT

ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് അപകടം: കരാറുകാരനടക്കം നാല് പേർ കസ്റ്റഡിയിൽ
X

മഞ്ചേശ്വരം: കാസർകോട് ബേക്കൂറിൽ സ്‌കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നു വീണ സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അശ്രദ്ധമായ നിർമ്മാണത്തിൽ കർശനമായ നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അപകടത്തിൽ 59 വിദ്യാർഥികളാണ് ചികിത്സ തേടിയത്.

11 വിദ്യാർഥികൾ മംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. നാല് വിദ്യാർഥികൾ കാസർകോട് ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മറ്റു വിദ്യാർഥികളെ വിട്ടയക്കുകയായിരുന്നു. പന്തൽ പൂർണമായും തകർന്ന് കുട്ടികളുടെ മേൽ വീണതാണ് പരിക്കിന് കാരണം. ഷീറ്റും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് നിർമ്മിച്ച പന്തലാണ് തകർന്നു വീണത്.

നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്തൽ കരാറുകാരനുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ കുട്ടികളുൾപ്പെടെയുള്ളവർ പരിപാടി സ്ഥലത്തുണ്ടായിരുന്നു. അതിന്റെ ഗൗരവം കണക്കിലെടുക്കാതെ പന്തൽ അശ്രദ്ധമായി നിർമ്മിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവ സ്ഥലം കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ഉന്നത സംഘം സന്ദർശിച്ചു. ചികിത്സ തേടുന്ന കുട്ടികളെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സംഘവും സന്ദർശിച്ചെന്നാണ് വിവരം. സംഭവത്തിൽ വിശദീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

TAGS :

Next Story