'ഷീബയുടെ വയറ് തുന്നാത്തത് ചികിത്സയുടെ ഭാഗം'; ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ഡോക്ടർമാർ
ഷീബയുടെ സമ്മതപ്രകാരമാണ് എല്ലാം ചെയ്തതെന്നും മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. റോസ്‌നാര ബീഗം മീഡിയവണിനോട്
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗിയുടെ വയർ തുന്നാതെ തിരിച്ചയച്ചെന്ന കെ.ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ. ചികിത്സക്ക് വേണ്ടിയാണ് മുറിവ് തുന്നാതെ വയർ തുറന്നിട്ടതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. റോസ്‌നാര ബീഗം മീഡിയവണിനോട് പറഞ്ഞു.
നിയമസഭയിലെ ആരോഗ്യവകുപ്പിന്റെ ധനാഭ്യാർഥന ചർച്ചയിലാണ് ഗണേഷ്‌കുമാർ തന്റെ മണ്ഡലമായ പത്തനാപുരം വാഴപ്പാറയിലെ ഷീജയുടെ വയറ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്ക് ശേഷം തുന്നാതെ വിട്ട കാര്യം പറഞ്ഞത്. ചികിത്സയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ വിശദീകരണം.
'അണുബാധ രൂക്ഷമായിരുന്നു, അതിനാൽ മുറിവ് തുറന്നിട്ട് പതുക്കെ ഉണങ്ങുന്ന ചികിത്സാരീതിയാണ് സ്വീകരിച്ചത്. ശാസ്ത്രീയമായ ചികിത്സാ രീതിയാണ് അതെന്നും' ഡോ. റോസ്‌നാര ബീഗം പറഞ്ഞു. 'ഏഴ് ശസ്ത്രക്രിയക്ക് ശേഷമാണ് ഷീബ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. മുറിവിലെ പഴുപ്പ് പരിശോധിച്ചപ്പോൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന രോഗാണു ഉണ്ടെന്ന് കണ്ടെത്തി. മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ആയ രോഗാണുവാണ് കണ്ടെത്തിയത്. അതുകൊണ്ടാണ് പലതവണ ശസ്ത്രക്രിയ നടത്തിയിട്ടും മുറിവ് ഉണങ്ങാത്തത്. ഷീബയെ വീട്ടിലേക്ക് പറഞ്ഞയച്ചത് അണുബാധ ഏൽക്കാതിരിക്കാനാണ്'. ഷീബയുടെ സമ്മതപ്രകാരമാണ് എല്ലാം ചെയ്തതെന്നും ഡോക്ടർ മീഡിയവണിനോട് പറഞ്ഞു.
ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ കാര്യങ്ങൾ അറിയാതെ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഗണേഷ്‌കുമാറിന്റെ പ്രസംഗത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആരോപണവിധേയനായ ഡോക്ടർ ശ്രീകുമാറിന്റെ അടക്കം മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷീബയുടെ മുഴുവൻ ചികിത്സാരേഖകളും പരിശോധിച്ചായിരിക്കും ഡിഎംഇ റിപ്പോർട്ട് സമർപ്പിക്കുക.
Adjust Story Font
16