Quantcast

കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം ഈടാക്കണമെന്ന ഉത്തരവിനെതിരേ പി.സി. വിഷ്ണുനാഥ്

ഇമേജ് മാനേജ്മെന്റിന് ചെലവാക്കുന്ന ഊർജ്ജം സാമ്പത്തിക മാനേജ്മെന്റ്നും ആരോഗ്യ രംഗത്തെ ക്രൈസിസ് മാനേജ്മെന്റിനും ചെലവാക്കാനാണ് സർക്കാർ തയ്യാറാവേണ്ടത്.

MediaOne Logo

Web Desk

  • Published:

    18 Aug 2021 12:10 PM GMT

കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം ഈടാക്കണമെന്ന ഉത്തരവിനെതിരേ പി.സി. വിഷ്ണുനാഥ്
X

സർക്കാർ ആശുപത്രികളിലും കോവിഡാനന്തര ചികിത്സയ്ക്ക് പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവിനെതിരേ പി.സി. വിഷ്ണുനാഥ് എംഎൽഎ.

തീരുമാനം മനുഷ്യത്വരഹിതമാണെന്നും പല സംസ്ഥാനങ്ങളിലും സ്വകാര്യമേഖലയിൽ പോലും ചികിത്സയും വാക്‌സിനും സൗജന്യമായിരിക്കുമ്പോഴാണ് കേരളത്തില്‍ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

''കരുതലും കൈത്താങ്ങും ദുരിതകാലത്ത് ഒരു ജനാധിപത്യ ക്ഷേമ രാഷ്ട്രത്തിലെ പൗരന്മാരുടെ അവകാശങ്ങളാണ്എൽ.ഡി.എഫ് സർക്കാരിനാവട്ടെ അതെല്ലാം ബ്രാൻഡ് ബിൽഡിങ്ങിന് ഉപയോഗിക്കാനുള്ള പ്രചാരണവാക്കുകൾ മാത്രമാണ്'' -വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സർക്കാർ ആശുപത്രികളിലും കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സക്ക് പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം മനുഷ്യത്വരഹിതമാണ്. പല സംസ്ഥാനങ്ങളിലും സ്വകാര്യ മേഖലയിൽ പോലും ചികിത്സയും വാക്സിനും സൗജന്യമാക്കിയിരിക്കുന്ന ഘട്ടത്തിലാണ് എൽ.ഡി.എഫ് സർക്കാർ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. രാജ്യത്തിൽ കോവിഡ് രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ഇവിടെ മാത്രമാണുള്ളത് എന്ന വ്യാജ പ്രചരണം പോലും മുൻപ് നടന്നിരുന്നു.

കോവിഡ് ഒരു അടിയന്തര പൊതുജനാരോഗ്യ പ്രശ്നമാണ്. കോവിഡിൽ നിന്നുണ്ടായ സാമ്പത്തികമായ ദുരിതം ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സാഹചര്യത്തിലാണ് റോഡിലിറങ്ങുന്ന സാധാരണക്കാരോട് അമിതമായ പിഴ പിരിക്കുന്നത്. 'വാക്സിൻ ചലഞ്ചി'ലൂടെ പണം സമാഹരിക്കുകയും ആ പണം വാക്സിനു വേണ്ടി ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നത്. ഇപ്പോൾ ചികിത്സയിലും പണം ഈടാക്കാൻ തീരുമാനിക്കുന്നു. കരുതലും കൈത്താങ്ങും ദുരിതകാലത്ത് ഒരു ജനാധിപത്യ ക്ഷേമ രാഷ്ട്രത്തിലെ പൗരന്മാരുടെ അവകാശങ്ങളാണ്.

എൽ.ഡി.എഫ് സർക്കാരിനാവട്ടെ അതെല്ലാം ബ്രാൻഡ് ബിൽഡിങ്ങിന് ഉപയോഗിക്കാനുള്ള പ്രചാരണവാക്കുകൾ മാത്രമാണ്. ഇമേജ് മാനേജ്മെന്റിന് ചെലവാക്കുന്ന ഊർജ്ജം സാമ്പത്തിക മാനേജ്മെന്റ്നും ആരോഗ്യ രംഗത്തെ ക്രൈസിസ് മാനേജ്മെന്റിനും ചെലവാക്കാനാണ് സർക്കാർ തയ്യാറാവേണ്ടത്. ദുരിതകാലത്ത് വിവിധ മാർഗ്ഗങ്ങളിലൂടെ ജനങ്ങളിൽ നിന്നും അങ്ങോട്ട്‌ പണം പിരിച്ചു ദ്രോഹിക്കുന്ന ഈ രീതിയെ ലോകമാതൃകയെന്ന് പറഞ്ഞു കൈയ്യടിക്കാൻ ജനങ്ങളോടാവശ്യപ്പെടരുത്. സർക്കാർ വിലാസം പ്രചാരകാരെപ്പോലെ അവർ പ്രജകളല്ല, പൗരന്മാരാണെന്ന ബോധ്യം സർക്കാരിനുണ്ടാവണം.

TAGS :

Next Story