'ചാനൽ ചർച്ചയിലെ പരോക്ഷ പരാമർശത്തെപ്പോലും ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുതയാണ് സർക്കാറിന്'; പി.സി വിഷ്ണുനാഥ്
'ലഹരിമാഫിയക്കെതിരെ വാർത്തവന്നാൽ എസ്.എഫ്.ഐ എന്തിനാണ് വിറളിപിടിക്കുന്നത്?'
തിരുവനന്തപുരം: ഒരു ചാനൽ ചർച്ചയിലെ പരോക്ഷവിമർശനം പോലും ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുതയാണ് സർക്കാറിനെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണം സഭയിൽ ഉന്നയിക്കുകയായിരുന്നു അദ്ദേഹം. 'എസ് എഫ് ഐ നേതൃത്വം ആണ് അതിക്രമം നടത്തിയത്. ലഹരി മാഫിയക്കെതിരെ വാർത്ത വരുമ്പോൾ എസ്എഫ്‌ഐ പ്രകോപിതരാകുന്നത് എന്തിനാണ്? ലഹരി മാഫിയക്കെതിരായ വാർത്ത സർക്കാരിനെതിരായ ഗൂഢാലോചന ആകുന്നതെങ്ങനെയാണ്. ഏഷ്യാനെറ്റ് ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.ഇത്ബി .ബി.സി റെയ്ഡിന് സമാനമാണ്'. മോദി ഭരണകൂടവും പിണറായി ഭരണകൂടവും തമ്മിൽ വ്യത്യാസമെന്താണെന്നും അദ്ദേഹം ചോദിച്ചു.
'ആശുപത്രിയിൽ കഴിയുന്ന സിന്ധു സൂര്യകുമാറിന് നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് വാട്‌സ് ആപ്പിലാണ് പൊലീസ് നോട്ടീസ് നൽകിയത്. എസ്.എഫ്.ഐ ഭരണ പാർട്ടിക്ക് ഗുണ്ടാ പണി ചെയ്യുന്നു. ഇതേ ഗുണ്ടാപടയല്ലേ രാഹുൽ ഗാന്ധിയുടെ ഓഫീസ് കയറി ആക്രമിച്ചത്? എസ്എഫ്‌ഐ ഗുണ്ടായിസം കാണിച്ചാൽ ഗുണ്ടായിസം എന്ന് പറയും. ഏഷ്യാനെറ്റ് ന്യൂസിലുള്ള അക്രമണം ഇവിടുത്തെ മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും' വിഷ്ണുനാഥ് പറഞ്ഞു.
'അതിക്രമം കാണിച്ച ശേഷം ബുദ്ധി ജീവികൾ പുരപ്പുറത്ത് കയറി സപ്താഹ യജ്ഞം നടത്തുന്നു. പിണറായി വിജയൻ ഈ സ്ഥാപനത്തിന്റെ ഐശ്വര്യമെന്ന് മാധ്യമ സ്ഥാപനങ്ങളിൽ ബോർഡ് വെക്കണോ. മാധ്യമ സ്ഥാപനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്'. പിണറായി സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16