സര്‍ക്കാരിനും സിപിഎമ്മിനും 'പെരിയ' തിരിച്ചടിയായി അറസ്റ്റ്
പ്രതികളെ രക്ഷിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുതല്‍ സുപ്രീംകോടതി വരെ പോയിട്ടും സിബിഐ അന്വേഷണം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. സര്‍ക്കാരിനും സിപിഎമ്മിനും രാഷ്ട്രീയമായി ആഘാതമേല്‍പ്പിച്ചാണ് പെരിയ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത്‍ ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. ഇന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. പ്രതികളെ രക്ഷിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുതല്‍ സുപ്രീംകോടതി വരെ പോയിട്ടും സിബിഐ അന്വേഷണം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. സര്‍ക്കാരിനും സിപിഎമ്മിനും രാഷ്ട്രീയമായി ആഘാതമേല്‍പ്പിച്ചാണ് പെരിയ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്.
കേസിന്‍റെ നാള്‍വഴി
2019 ഫെബ്രുവരി 19നാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മെയ് 14ന് സിപിഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റിലായി. മെയ് 20ന് ക്രൈംബ്രാഞ്ച് ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 17ന് കേസിന്‍റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. സെപ്തംബര്‍ 30ന് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, അന്വേഷണം സിബിഐക്ക് വിട്ടു. ഒക്ടോബര്‍ 24ന് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഒന്‍പത് മാസത്തിനു ശേഷം 2020 ആഗസ്ത് 25ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സെപ്തംബര്‍ 12ന് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഡിസംബര്‍ 1ന് സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു.
കേസ് ഡയറി കൈമാറാതെ സിബിഐയോട് ഏറ്റുമുട്ടി സര്‍ക്കാര്‍
പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തോട് തുടക്കം മുതല്‍ സംസ്ഥാന സർക്കാർ പുറംതിരിഞ്ഞ് നിന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നിലപാടെടുത്തു. എന്നിട്ടും എല്ലാം നേർവഴിക്കാണെന്ന വാദത്തിലായിരുന്നു സർക്കാർ. അവസാനം ഹൈക്കോടതിയില്‍ നിന്നും സിബിഐ അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് വന്നിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. എല്ലായിടത്തും തിരിച്ചടി നേരിട്ടപ്പോഴും കേസ് രേഖകള്‍ വിട്ടുകൊടുത്തില്ല. ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കേസ് ഡയറി കൈമാറാത്തതെന്നായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ കേസ് ഡയറി ആവശ്യപ്പെട്ട് നാലു തവണ സിബിഐ ക്രൈബ്രാഞ്ചിന് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് അറിയിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നല്‍കുന്ന സാഹചര്യവുമുണ്ടായി.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മാത്രം ചെലവിട്ടത് ഒരു കോടിയോളം രൂപ
പെരിയ കേസിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ മാത്രം അഭിഭാഷകർക്കായി ചെലവിട്ടത് ഒരു കോടിയോളം രൂപയാണ്. 25 ലക്ഷം രൂപ നൽകിയാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ രഞ്ജിത് കുമാറിനെ കൊണ്ടുവന്നത്. വാദത്തിനിടെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായതോടെ അദ്ദേഹത്തെ മാറ്റി. പകരം മുൻ അഡിഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്ങിനെ കൊണ്ടുവന്നു. മറ്റ് രണ്ടു അഭിഭാഷകരെയും കൂട്ടിയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. 63 ലക്ഷം രൂപ ഫീസായി നല്‍കി. ബിസിനസ് ക്ലാസ് വിമാനക്കൂലിയും താമസവുമെല്ലാം പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചത് ഒരു കോടിയോളം രൂപയാണ്. സർക്കാർ ശമ്പളം നൽകുന്ന 139 അഭിഭാഷകർ ഹൈക്കോടതിയിൽ ഉള്ളപ്പോഴാണ് കേസ് വാദിക്കാൻ ഡൽഹിയിൽ നിന്ന് ആളെ ഇറക്കിയത്. പെരിയ കേസില്‍ ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ ഇനിയും പണം നല്‍കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2020 മാര്‍ച്ച് 3ന് നിയമസഭയില്‍ നല്‍കിയ മറുപടി. സര്‍ക്കാരിനു വേണ്ടി വക്കീലിനെ കൊണ്ടുവരുമ്പോള്‍ ആ കാശ് എകെജി സെന്‍ററില്‍ നിന്നല്ല കൊടുക്കുകയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
ഉന്നത നേതാക്കളും കുടുങ്ങാനുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം
പെരിയ ഇരട്ടക്കൊലയിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളും കുടുങ്ങാനുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു. കേസിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്നും വലിയ നേതാക്കളെ രക്ഷിക്കാനാണ് കോടികൾ ചെലവിട്ട് സര്‍ക്കാര്‍ കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ബ്രാഞ്ച് തലത്തിൽ ആസൂത്രണം ചെയ്ത് നടത്തിയതല്ലെന്നും മുതിർന്ന നേതാക്കൾക്കും പങ്കുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, രാജു എന്നിവരാണ് ഇന്ന് അറസ്റ്റിലായയത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
Adjust Story Font
16