Quantcast

പെരിയ ഇരട്ടക്കൊല; കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഇന്ന് പുറത്തിറങ്ങും

ഉച്ചയോടെ ജില്ലയിൽ എത്തുന്ന നാലു നേതാക്കൾക്കും പ്രവർത്തകർ സ്വീകരണമൊരുക്കുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    9 Jan 2025 1:45 AM GMT

KV Kunchiraman
X

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷ തടഞ്ഞതോടെ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഇന്ന് ജാമ്യത്തിൽ പുറത്തിറങ്ങും. ഉച്ചയോടെ ജില്ലയിൽ എത്തുന്ന നാലു നേതാക്കൾക്കും പ്രവർത്തകർ സ്വീകരണമൊരുക്കുമെന്നാണ് സൂചന. ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്ന 5 വർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷയാണ് ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്. ഇതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിച്ചു. 4 പ്രതികളും നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ തന്നെ ജയിൽ നിന്നും പുറത്തിറങ്ങും. ഉച്ചയോടെ കാസർകോട് ജില്ലയിൽ എത്തുന്ന നേതാക്കളെ സ്വീകരിച്ച് ആനയിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനം നടത്താൻ പൊലീസ് അനുമതി നൽകിയിരുന്നില്ല. സ്വീകരണ പരിപാടിക്ക് പൊലീസ് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

14-ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സി പി എം കാസർകോട് ജില്ലാ കമ്മറ്റി അംഗവുമായ കെ.മണികണ്ഠന്‍, 20-ാം പ്രതി ഉദുമ മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തതോളി, 22-ാം പ്രതി കെ.വി.ഭാസ്‌കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാൻ കാരണമായ കുറ്റം. 2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്.



TAGS :

Next Story