Quantcast

പെരിയ ഇരട്ട കൊലപാതകം: സിബിഐ പ്രതിചേർത്ത മൂന്ന് സിപിഎം നേതാക്കളും കുറ്റക്കാർ

സിബിഐ പ്രതി ചേർത്ത 10 പേരിൽ നാലു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    28 Dec 2024 8:00 AM GMT

പെരിയ ഇരട്ട കൊലപാതകം: സിബിഐ പ്രതിചേർത്ത മൂന്ന് സിപിഎം നേതാക്കളും കുറ്റക്കാർ
X

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകത്തിൽ സിബിഐ പ്രതിചേർത്ത മൂന്ന് സിപിഎം നേതാക്കളും കുറ്റക്കാർ. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്കരൻ എന്നിവരെയാണ് സിബിഐ പ്രതിചേർത്തത്. സിബിഐ പ്രതി ചേർത്ത 10 പേരിൽ നാലു പേരെയാണ് കുറ്റക്കാരാണെന്ന് കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്.

കേസിന്റെ തുടക്കം മുതൽ തന്നെ ഉന്നത നേതാക്കളുടെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല എന്ന ആക്ഷേപം കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവും കോൺഗ്രസും ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന നിരീക്ഷണത്തോടെ ആയിരുന്നു കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

പിന്നാലെ കേസ് ഏറ്റെടുത്ത സിബിഐ, സിപിഎം നേതാക്കളുടെ ഗൂഢാലോചന സംബന്ധിച്ച വിശദമായ അന്വേഷണത്തിലേക്ക് കടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻ ഉദുമ എംഎൽഎ ആയ കെ.വി കുഞ്ഞിരാമൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പ്രാദേശിക നേതാവ് ഭാസ്കരൻ വെളുത്തൊളി എന്നിവരെ കൂടി പ്രതിചേർത്തത്. പെരിയ കൊലപാതകത്തിന് പിന്നാലെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതിയായ സജി ജോർജിനെ കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചു എന്നതാണ് മൂന്നുപേർക്കും എതിരായ കുറ്റം.

ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ 14 പ്രതികളാണ് ഉണ്ടായിരുന്നതെങ്കിൽ സിബിഐ 10 പേരെ കൂടി പ്രതിചേർക്കുകയായിരുന്നു. ഇതിൽ നാലുപേർ കുറ്റക്കാർ ആണെന്ന് കണ്ടെത്തുകയും ആറുപേരെ വെറുതെ വിടുകയും ചെയ്തു. പതിനഞ്ചാം പ്രതിയായ വിഷ്ണു സുര ഒഴികെ, പതിനാറാം പ്രതിയായ ശാസ്ത മധു, പതിനേഴാം പ്രതിയായ റെജി വർഗീസ് , പതിനെട്ടാം പ്രതിയായ ഹരിപ്രസാദ്, പത്തൊമ്പതാം പ്രതിയായ ഏച്ചിലടുക്കം മുൻ ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്നീ സിപിഎം പ്രവർത്തകരെയും വെറുതെ വിട്ടു.

TAGS :

Next Story