Quantcast

പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി ഇന്ന്

ആറു വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷം കൊച്ചി സിബിഐ കോടതി പുറപ്പെടുവിക്കുന്ന വിധിയിൽ ഏറെ പ്രതീക്ഷയിലാണ് കുടുംബം

MediaOne Logo

Web Desk

  • Updated:

    2024-12-28 02:54:35.0

Published:

28 Dec 2024 12:59 AM GMT

Kripesh-Sarath Lal
X

കാസര്‍കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് സിബിഐ കോടതി വിധി പ്രസ്താവിക്കും. ആറു വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷം കൊച്ചി സിബിഐ കോടതി പുറപ്പെടുവിക്കുന്ന വിധിയിൽ ഏറെ പ്രതീക്ഷയിലാണ് കുടുംബം. വിധി പറയുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രം റദ്ദു ചെയ്‌തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ചിൻ്റെ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സംസ്ഥാന സർക്കാരിൻ്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മുൻ എംഎൽ എ യും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, മുൻ ലോക്കൽ സെക്രട്ടറിമാരായ എൻ.ബാലകൃഷ്‌ണൻ, രാഘവൻ വെളുത്തതോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കല്യോട്ട് പൊലീസ് റൂട്ട് മാർച്ച് നടത്തി.



TAGS :

Next Story