പെരിയ ഇരട്ടക്കൊല: വധശിക്ഷയില്ല; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
ഉദുമ മുന്‍ എംഎൽഎ കെ.വി കുഞ്ഞിരാമന് അഞ്ചു വർഷം തടവ്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, സിപിഎം ഉദുമ മുൻ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ , മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കകരൻ എന്നീ നേതാക്കൾക്ക് 5 വർഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു.
പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ , സജി ജോർജ് , സുരേഷ് , അനിൽകുമാർ , ഗിജിൻ, ശ്രീരാഗ് , അശ്വിൻ, സുബീഷ് , ടി.രഞ്ജിത്ത് , സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടയ്ക്കണം. വിധിയിൽ തൃപ്തരാണെന്ന് പ്രോസിക്യൂഷനും അപ്പീൽ നൽകുമെന്ന് പ്രതിഭാഗവും പ്രതികരിച്ചു.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്. ശിക്ഷയിന്‍മേലുള്ള വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.
പ്രമുഖ സിപിഎം നേതാക്കൾ ഉൾപ്പെടെ 14 പേരാണ് കേസിൽ കുറ്റക്കാരാണെന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. പ്രതികളായിരുന്ന പത്തുപേരെ വെറുതെവിടുകയും ചെയ്തു. മുൻ ഉദുമ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ, മുൻ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരൻ എന്നിവർക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരൽ, കലാപം സൃഷ്ടിക്കൽ അടക്കമുള്ള വകുപ്പുകളാണു ചുമത്തത്. ഇവ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ്. ഒന്നാം പ്രതിയായ പീതാംബരൻ, നാലാംപ്രതി അനിൽകുമാർ, ഏഴാം പ്രതി അശ്വിൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്‌ലാൽ(23), കൃപേഷ്(19) എന്നിവർ കാസർകോട്ടെ കല്യാട്ട് വെട്ടേറ്റു മരിച്ചത്. തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നതെങ്കിലും മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയിൽ ചേർക്കുകയായിരുന്നു. 495 രേഖകളും, 83 തൊണ്ടിമുതലുകളും അടക്കമാണ് സിബിഐ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ചത്.
Adjust Story Font
16