പെരിയാറിലെ മത്സ്യക്കുരുതി:10 കോടിയിലേറെ നഷ്ടമെന്ന് കണ്ടെത്തൽ
നാശനഷ്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫിഷറീസ് വകുപ്പ് ഇന്ന് സമർപ്പിക്കും
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ മത്സ്യകർഷകർക്കുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫിഷറീസ് വകുപ്പ് ഇന്ന് സമർപ്പിക്കും. മത്സ്യകർഷകർക്കും തൊഴിലാളികൾക്കും പത്തു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫിഷറീസ് വകുപ്പിൻറെ പ്രാഥമിക കണ്ടെത്തൽ.
പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മത്സ്യകർഷകരുടെ നാശനഷ്ടം സംബന്ധിച്ച ഫിഷറീസ് വകുപ്പിന്റെ കണക്കെടുപ്പ് ഇന്നത്തോടെ അവസാനിക്കും. ഇന്ന് ഉച്ചയോടെ സബ് കലക്ടർക്ക് റിപ്പോർട്ട് കൈമാറും. പെരിയാറിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടം കൂടി കണക്കിലെടുത്ത് 10 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഫിഷറീസ് വകുപ്പ് കണക്കാക്കുന്നത്. കുഫോസ് നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയും തുടരുകയാണ്.
പെരിയാറിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുന്ന സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടുകളെല്ലാം ഏകീകരിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പെരിയാറിലെ രാസമാലിന്യം സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന പരിസ്ഥിതി പ്രവർത്തകരുമായി ഇന്ന് സബ് കലക്ടർ കൂടിക്കാഴ്ച നടത്തും. പൊലൂഷൻ കൺട്രോൾ ബോർഡിൻറെ ഉന്നതയോഗം ചേർന്നശേഷം വിഷയത്തിൽ സമഗ്രമായ കർമ്മ പദ്ധതി രൂപീകരിക്കാനും ആലോചനയുണ്ട്.
മത്സ്യകർഷകർക്ക് ഇടക്കാല ധനസഹായം നൽകുന്നതുൾപ്പെടെയുള്ള ഹൃസ്വകാല പദ്ധതികൾക്ക് പുറമെ, പെരിയാറിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുന്ന ദീർഘകാല കർമപദ്ധതികൾക്കും ആലോചനയുണ്ട്. പാതാളം ബണ്ട് തുറക്കുന്നത് സംബന്ധിച്ച് നഗരസഭ, പൊലൂഷൻ കൺട്രോൾ ബോർഡ് , ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് എന്നി വയുടെ ഏകോപനം കൂടി വരുന്നതോടെ സമാന സംഭവങ്ങൾ ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16