Quantcast

തെരുവ് നായ്ക്കളുടെ ദയാവധം ആവശ്യപ്പെട്ട് ഹരജി; നായ്ക്കൾ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സുപ്രീംകോടതിയിൽ

കണ്ണൂർ ജില്ലാപഞ്ചായത്താണ് ഹരജി നൽകിയത്

MediaOne Logo

Web Desk

  • Published:

    21 Jun 2023 1:17 AM GMT

തെരുവ് നായ്ക്കളുടെ ദയാവധം ആവശ്യപ്പെട്ട് ഹരജി; നായ്ക്കൾ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സുപ്രീംകോടതിയിൽ
X

കണ്ണൂര്‍: അപകടകാരികളായ തെരുവ്‌ നായകൾക്ക്‌ ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട്‌ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹരജി ഇന്ന് ബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തും . അവധികാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്ന സംഭവം നേരത്തെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ശ്രദ്ധയിൽ പെടുത്താൻ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടെങ്കിലും പിറ്റേ ദിവസവും വാദം കേൾക്കാൻ കോടതി കൂട്ടാക്കിയിരുന്നില്ല .അതിനു ശേഷവും നായ്ക്കളുടെ ഉപദ്രവം വർദ്ധിച്ചതോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ നേരത്തെ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് .

പേപ്പട്ടിയെന്നു സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദന രഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാൻ അനുവദിക്കണമെന്ന് ഈ ഹരജിയിൽ ആവശ്യപ്പെടുന്നു. കണ്ണൂർ ജില്ലയിൽ നായ്ക്കൾ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹരജിയോടൊപ്പം ഇന്നലെ വീണ്ടും സമർപ്പിച്ചു. മുഴപ്പിലങ്ങാട് ,പുഴാതി ,നീർവേലി എന്നിവിടങ്ങളിലെ ആക്രമണങ്ങളുടെ ദൃശ്യമാണ് കോടതിയിൽ നൽകിയത്. മുഴപ്പിലങ്ങാട് കെട്ടിനകം ദാറുൽ റഹ്മയിലാണ് 11 കാരനായ നിഹാലിനെ കടിച്ചുകൊന്നത് . ഈ സംഭവം നടന്ന സ്ഥലത്ത് നിന്നും 450 മീറ്റർ മാറിയാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയ ആക്രമിക്കപ്പെട്ടത് . ഈ ദൃശ്യവും സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്.


TAGS :

Next Story