അലൻ വാക്കർ ഷോക്കിടെ ഫോൺ മോഷണം; ബെംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ച് അന്വേഷണം
ബെംഗളൂരുവിലെ പരിപാടിക്കിടെ 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്
കൊച്ചി: നോർവീജിയൻ സംഗീതജ്ഞൻ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ ബെംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ച് അന്വേഷണം. അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ബെംഗളൂരുവിൽ നടന്ന പരിപാടിക്കിടെ 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങൾക്ക് മുൻപായിരുന്നു ബെംഗളൂരുവിലെ പരിപാടി. ഇതേ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. മൊബൈൽ ഫോൺ ഡൽഹിയിൽ എത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുളവുക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഡൽഹിക്ക് തിരിക്കും.
കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിക്കിടെ 21 ഐ ഫോണുകളുൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ നഷ്ടമായെന്നാണ് പരാതി.വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. 5000ത്തിലേറെപേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. നിരവധി പൊലീസുകാരെയും പരിപാടി നടക്കുന്ന വേദിയിൽ വിന്യസിച്ചിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് പൂർണമായും സി.സി ടി.വി നിരീക്ഷണവുമുണ്ടായിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണ് മോഷണം നടന്നത്. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ അടിച്ചുമാറ്റിയത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിനാൽ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.
Adjust Story Font
16