Quantcast

ശബരിമല തീർഥാടനം; പമ്പയിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി ഡിജിപി

പൊലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-11-14 10:24:31.0

Published:

14 Nov 2024 10:23 AM GMT

ശബരിമല തീർഥാടനം; പമ്പയിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി ഡിജിപി
X

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. തീര്‍ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ചര്‍ച്ചനടത്തി.

സന്നിധാനത്തെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പൊലീസിന്റെ പ്രാഥമിക ചുമതല. ശബരിമല തീർഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് ഡിജിപി പറഞ്ഞു.

കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുത്. ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട താമസ- ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. സൗകര്യങ്ങൾ ഡിജിപി നേരിട്ടു സന്ദർശിച്ച് വിലയിരുത്തി.

അതേസമയം, മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്.

എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story