Quantcast

റിയാസ് മൗലവി വധത്തില്‍ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു-അഡ്വ. സി. ഷുക്കൂർ

''ഞാൻ തയാറാക്കിയ പരാതിയാണു മുഖ്യമന്ത്രിക്കു നൽകിയത്. അതിൽ ആശങ്കകൾ വിശദമായി മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്. യു.എ.പി.എ ചേർക്കണമെന്നായിരുന്നു ഞങ്ങളുടെ അന്നത്തെ നിലപാട്.''

MediaOne Logo

Web Desk

  • Published:

    31 March 2024 4:29 PM GMT

Kerala CM Pinarayi Vijayan said that UAPA cannot be imposed against the accused in Riyas Moulavis murder: Adv. C. Shukkur reveals in MediaOne Special Edition, Pinarayi Vijayan, C Shukkur
X

അഡ്വ. സി. ഷുക്കൂര്‍, പിണറായി വിജയന്‍

കോഴിക്കോട്: റിയാസ് മൗലവി വധത്തിൽ യു.എ.പി.എ ചുമത്താനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അഭിഭാഷകൻ സി. ഷുക്കൂർ. സർക്കാർ നയപരമായി യു.എ.പി.എയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ സ്‌പെഷൽ എഡിഷനിലാണ് അഡ്വ. ഷുക്കൂറിന്റെ പ്രതികരണം.

''പ്രതികൾക്ക് ആർ.എസ്.എസ് ബന്ധമില്ലെന്നു നേരത്തെ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറഞ്ഞിരുന്നുവെന്നത് വസ്തുതയാണ്. അതിനുശേഷമാണ് അന്വേഷണം കുറച്ചു ഗൗരവത്തിൽ വേണമെന്ന തോന്നലുണ്ടാക്കാനായത്. കാസർകോട് നേരത്തെ ഒരു കീഴ്‌വഴക്കമുണ്ടായിരുന്നു. അതുകൊണ്ടാണ് 2014 വരെയുള്ള പല കേസുകളിലും പ്രതികളെ വിട്ടുപോയത്. ഈ കേസിൽ അങ്ങനെ പാടില്ലെന്ന് ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു.

അതുകൊണ്ടാണ് കേസിന്റെ ആദ്യഘട്ടം തൊട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതും ഞങ്ങൾ നൽകിയ നിവേദനം മുഖ്യമന്ത്രി അന്വേഷണസംഘത്തിന് അയച്ചുകൊടുത്തതും. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.''-ഷുക്കൂർ പറഞ്ഞു.

''ആ പരിഹാരം ഉണ്ടായതുകൊണ്ടാണ്, 90 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിക്കേണ്ടിവന്നത്. 90 ദിവസം കൊണ്ട് പ്രോസിക്യൂട്ടറെ നിയമിച്ചു. 153 എയുടെ അംഗീകാരം ലഭിച്ചു. നേരത്തെ യു.ഡി.എഫ് ഭരിക്കുന്ന കാലത്ത്, 2011നും 2016നും ഇടയിൽ ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ആ കേസുകളിലൊന്നും 90 ദിവസം കൊണ്ട് കുറ്റപത്രം നൽകാനായിട്ടില്ല.''

ഞാൻ തയാറാക്കിയ പരാതിയാണു മുഖ്യമന്ത്രിക്കു നൽകിയത്. അതിൽ ആശങ്കകൾ വിശദമായി മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്. യു.എ.പി.എ ചേർക്കണമെന്നായിരുന്നു ഞങ്ങളുടെ അന്നത്തെ നിലപാട്. എന്നാൽ, സംസ്ഥാന സർക്കാർ യു.എ.പി.എയ്‌ക്കെതിരാണെന്ന് മുഖ്യമന്ത്രി ഞങ്ങളോടു തുറന്നുപറഞ്ഞു. ഒരു കേസിലും യു.എ.പി.എ ചേർക്കാൻ തയാറല്ലെന്നും പറഞ്ഞുവെന്നും ഷുക്കൂർ വെളിപ്പെടുത്തി.

അതേസമയം, മുസ്‌ലിം പണ്ഡിതന്മാർക്കെതിരെ യു.എ.പി.എ ഇട്ടത് ഇതേ സർക്കാർ പിൻവലിച്ചിട്ടുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു. ശംസുദ്ദീൻ പാലത്ത്, എം.എം അക്ബർ തുടങ്ങിയവർക്കെതിരെ 12 കേസുകൾ പിൻവലിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന കേസുകളിൽ മാത്രമേ യു.എ.പി.എ പറ്റൂവെന്നും മറ്റ് കേസുകളിൽ പാടില്ലെന്നാണു സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഷുക്കൂർ പറഞ്ഞു.

റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിശദമായി മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഞങ്ങൾ നൽകിയ നിവേദനം അന്വേഷണസംഘത്തിനു കൈമാറുകയും ചെയ്തു. ഇതിനുശേഷമാണ് ആർ.എസ്.എസ് ബന്ധങ്ങൾ സ്ഥാപിക്കുന്ന രേഖകൾ അവർ ശേഖരിച്ചതും കോടതിയിൽ ഹാജരാക്കിയതും. വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാം അവർ ഹാജരാക്കിയിട്ടുണ്ടെന്നും അഡ്വ. സി. ഷുക്കൂർ കൂട്ടിച്ചേർത്തു.

Summary: Kerala CM Pinarayi Vijayan said that UAPA cannot be imposed against the accused in Riyas Moulavi's murder: Adv. C. Shukkur reveals in MediaOne Special Edition

TAGS :

Next Story