'നിങ്ങളെ പുകഴ്ത്തിയാൽ മാധ്യമ അവാർഡ്, നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും'; സർക്കാറിനെതിരെ പി.കെ ബഷീർ
'നിങ്ങൾക്ക് മുന്നിൽ മോദി വെറ്റില വെക്കുന്ന സ്ഥിതിയാണിപ്പോൾ...''
തിരുവനന്തപുരം: നിയമസഭയിൽ സർക്കാറിനെ രൂക്ഷവിമർശനവുമായി പി.കെ ബഷീർ എം.എൽ.എ. നിങ്ങളെപ്പറ്റി പുകഴ്ത്തിയാൽ മാധ്യമ അവാർഡ്. നിങ്ങൾക്കെതിരെ തിരിഞ്ഞാല്‍ കേസും അറസ്റ്റ്. അല്ലാതെ വേറെ എന്താ ഇവിടെ സംഭവിക്കുന്നതെന്ന് പി.കെ ബഷീർ ചോദിച്ചു.
ഏഷ്യാനെറ്റ് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നടത്തിയ വാക്ക് ഔട്ട് പ്രസംഗത്തിലായിരുന്നു പി.കെ. ബഷീർ സർക്കാറിനെതിരെ രൂക്ഷമായി വിമർശിച്ചത്. 'മോദിക്ക് വേണ്ടിയാണ് നിങ്ങൾ ചലിക്കുന്നത്. ഇപ്പോൾ മോദി നിങ്ങൾക്ക് മുമ്പിൽ വെറ്റില വെക്കണ ഒരു സ്ഥിതിയാണ്. പൊളിറ്റിക്കൽ പവറും മണി പവറും നിങ്ങൾക്കുണ്ട്. ഇനി കിട്ടേണ്ടത് മീഡിയ പവറാണ്. അതിന് വേണ്ടി എല്ലാ പത്രക്കാരെയും നിങ്ങളുടെ വരുതിയിൽ വരുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്'..' അദ്ദേഹം പറഞ്ഞു.
'മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ആളുകളാണെങ്കിൽ ചാനൽചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ഏഷ്യാനെറ്റിന്റെ അവതാരകനെതിരെ കേസ് കൊടുത്തത് എന്തിനാണ്? നിങ്ങൾ ദേശാഭിമാനിയിൽ എഴുതുന്ന വാർത്തയിൽ എന്താണ് സത്യസന്ധത ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, നീതി ഇതൊന്നും നിങ്ങൾ പറയണ്ട. നിങ്ങളെ വാക്കും ചാക്കും ഒരുപോലെയാണ്.സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നുണ്ടോ? '. മാധ്യമ സ്വാതന്ത്ര്യ കൈകടത്തുന്ന ഈ പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തുകയാണെന്നും പി.കെ ബഷീർ പറഞ്ഞു.
Adjust Story Font
16