അഭിപ്രായവ്യത്യാസം വന്നാൽ ഉമ്മന്‍ചാണ്ടി കനത്ത ദുഃഖത്തോടെ മിണ്ടാതിരിക്കും; വാക്കില്‍ ഒന്നും പ്രകടിപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി
''ലീഗിന്റെ അഞ്ചാം മന്ത്രി വിവാദകാലത്ത് അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ ആവശ്യമായി അതു വന്നപ്പോൾ അതിനും ഒരു പരിഹാരം അദ്ദേഹം കണ്ടു. അതിൻരെ പേരിൽ ഒരുപാട് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ അദ്ദേഹത്തിനുണ്ടായി.''
ബംഗളൂരു: തീർത്തും നിഷ്‌കളങ്ക ജീവിതം നയിച്ച ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ നേതാവാണ് അദ്ദേഹം. സമയവും കാലവും നോക്കാതെ ജനങ്ങൾക്കിടയിലാണ് അദ്ദേഹം ജീവിച്ചത്. എപ്പോഴും ഒരു ചെവി ജനങ്ങൾക്കായി തുറന്നുവച്ചു ജീവിച്ചുമരിച്ചയാളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.എൽ.എ, യു.ഡി.എഫ് കൺവീനർ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ പലനില പദവികളിൽ പലതരം പ്രവർത്തനങ്ങൾ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുണ്ട്. ഈ നിലയിലെല്ലാം ഒരു സുഹൃദ്ബന്ധം കെട്ടിപ്പടുക്കാനായിട്ടുണ്ട്. കയർത്ത് ഒരു വാക്കുപോലും ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല. അഭിപ്രായവ്യത്യാസമുണ്ടായാൽ രണ്ടുപേരും കനത്ത ദുഃഖത്തോടെ മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
''ഒരു ഘട്ടത്തിൽ മന്ത്രിസഭ രൂപീകരിക്കാൻ നിൽക്കുമ്പോഴുണ്ടായ പ്രശ്‌നങ്ങൾ എനിക്ക് അറിയാം. അന്നെല്ലാം പ്രശ്‌നങ്ങൾ ഇരുന്ന് പരിഹരിക്കാനായി. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദകാലത്ത് അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ, രാഷ്ട്രീയ ആവശ്യമായി അതു വന്നപ്പോൾ അതിനും ഒരു പരിഹാരം അദ്ദേഹം കണ്ടു. അതിൻരെ പേരിൽ ഒരുപാട് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ അദ്ദേഹത്തിനുണ്ടായി.''
''പ്രായോഗികമായി ബുദ്ധിമുട്ടുള്ള അത്തരം വിഷയങ്ങളിൽ അദ്ദേഹത്തിന്റെ രീതിയാണത്. മുഖത്ത് ദുഃഖം പ്രകടനമാകുമെങ്കിലും വാക്കുകൊണ്ട് അതു പുറത്തുവരില്ല. എന്നോട് മാത്രമല്ല, ഒരാളോടും മോശമായി പ്രതികരിച്ചിട്ടില്ല. ജീവിതകഥ എഴുതുകയാണെങ്കിൽ എനിക്കാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ എഴുതാനുണ്ടാകുക.''
മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ എന്നിങ്ങനെ പാണക്കാട് കുടുംബത്തോട് വലിയ ബന്ധമായിരുന്നു. സ്വന്തം കുടുംബത്തോടെന്ന പോലെയുള്ള ബന്ധമായിരുന്നു. അദ്ദേഹം പാണക്കാട് വരുമ്പോൾ എല്ലാവരും കൂടും. അങ്ങനെയുള്ള വ്യത്യസ്തമായ ബന്ധമായിരുന്നു. കേരളത്തിന് ഒരുപാട് നേട്ടങ്ങളാണ് അദ്ദേഹം ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കാൻ അദ്ദേഹത്തിനുണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Summary: PK Kunhalikutty commemorates Oommen Chandy
Adjust Story Font
16