Quantcast

സി.എം ഇബ്രാഹിം മുസ്‌ലിം ലീഗിലേക്ക്? പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

രണ്ടുപേർ ഡൽഹിയിൽ പോയി അമിത് ഷായുമായി ചേർന്നെടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സി.എം ഇബ്രാഹിം 'മീഡിയവണി'നോട് പ്രതികരിച്ചത്

MediaOne Logo

Web Desk

  • Published:

    6 Oct 2023 1:54 AM GMT

PK Kunhalikutty on JDS leader CM Ibrahims joining IUML, CM Ibrahim, PK Kunhalikutty, JDS, Muslim League, IUML
X

സി.എം ഇബ്രാഹിം, പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: കർണാടകയിലെ മുതിർന്ന ജെ.ഡി.എസ് നേതാവ് സി.എം ഇബ്രാഹിം വന്നാൽ സ്വീകരിക്കണമോ എന്ന കാര്യം ചർച്ച ചെയ്യേണ്ടത് പാർട്ടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്കാര്യം ബന്ധപ്പെട്ട പാർട്ടികൾ ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എം ഇബ്രാഹിമിനെ ലീഗ് പാർട്ടിയിലേക്ക് ക്ഷണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

''അക്കാര്യം എനിക്ക് അറിയില്ല. ബന്ധപ്പെട്ട പാർട്ടികളും സംസ്ഥാന നേതാക്കന്മാരും കൂടിയാലോചിച്ചു പറയേണ്ടതാണ്. ഇൻഡ്യ മുന്നണിയിൽ വിഷയം ചർച്ച ചെയ്യുമ്പോൾ അഭിപ്രായം പറയാം.''-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതിനിടെ, എൻ.ഡി.എ സഖ്യത്തിൽ ചേരാനുള്ള തീരുമാനത്തിനു പിന്നാലെ കർണാടക ജെ.ഡി.എസ്സിൽ പ്രതിസന്ധി രൂക്ഷമാണ്. കർണാടക സംസ്ഥാന അധ്യക്ഷൻ കൂടിയായ സി.എം ഇബ്രാഹിം അടക്കമുള്ള പ്രമുഖ നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എൻ.ഡി.എ സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച് പാർട്ടിയിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് ഇബ്രാഹിം കഴിഞ്ഞ ദിവസം 'മീഡിയവണി'നോട് പ്രതികരിച്ചിരുന്നു. രണ്ടുപേർ ഡൽഹിയിൽ പോയി അമിത് ഷായുമായി ചേർന്നെടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 16ന് വിളിച്ചുചേർക്കുന്ന കർണാടക സംസ്ഥാന സമിതി യോഗം നിർണായകമാകും. കേരളം, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റികൾ തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് സി.എം ഇബ്രാഹിം. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. എൻ.ഡി.എ സഖ്യത്തിനൊപ്പം പ്രവർത്തിക്കാനാകില്ലെന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ബംഗളൂരുവിലെത്തി ദേശീയ അധ്യക്ഷൻ ദേവഗൗഡയെ അറിയിച്ചിരുന്നു.

Summary: Muslim League National General Secretary PK Kunhalikutty said that the party should discuss whether to accept senior JDS leader CM Ibrahim if he wish to join IUML

TAGS :

Next Story