റിയാസ് മൗലവി വധക്കേസിൽ ഗുരുതര ഒത്തുകളിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
''പ്രോസിക്യൂഷന് ഗുരുതര തകരാർ സംഭവിച്ചു. ഇത്തരം വീഴ്ച്ച ഉത്തരേന്ത്യയിൽ പോലും സംഭവിക്കാത്തതാണ്. കേസ് സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്''
മലപ്പുറം: റിയാസ് മൗലവി വധക്കേസിൽ ഗുരുതര ഒത്തുകളിയെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
പ്രോസിക്യൂഷന് ഗുരുതര തകരാർ സംഭവിച്ചു. ഇത്തരം വീഴ്ച്ച ഉത്തരേന്ത്യയിൽ പോലും സംഭവിക്കാത്തതാണ്. കേസ് സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും കുഞ്ഞാവിക്കുട്ടി പറഞ്ഞു.
''എന്തായാലും ഇതിലൊരു ഒത്തുകളിയുണ്ട്. ഏത്, എങ്ങനെയാണ് പ്രോസിക്യൂഷനും പ്രതികളും ഒത്തുകളിച്ചതെന്ന് നോക്കേണ്ടിയിരിക്കുന്നു. സാധാരണപോലെയുള്ളൊരു സംഭവമല്ലിത്. ഗുരുതരമായ എന്തോ ഒത്തുകളിയുണ്ട് എന്നുള്ളത് ഉറപ്പാണ്''- കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയിൽ ഉറങ്ങി കിടന്ന സാധുവായ മനുഷ്യനെ സംഘം ചേർന്ന് സംഘ്പരിവാർ കാപാലികർ കൊലപ്പെടുത്തി. കേസിനു ഈ ഗതി വരാനുള്ള കാരണം പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണെന്നും പി.എം.എ സലാം പറഞ്ഞു.
കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയാണ് വെറുതെ വിട്ടത്. ആര്‍.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയായിരുന്നു.
Adjust Story Font
16