ഹരിത നേതാക്കളുടെ പരാതി; പി.കെ നവാസ് പൊലീസിന് മുന്നിൽ ഹാജരായി
പൊലീസ് വിളിച്ചതനുസരിച്ചാണ് വന്നതെന്നും എം.എസ്.എഫിലെ ഒരു വിഭാഗം ഉന്നയിച്ച പരാതിയെക്കുറിച്ചറിയില്ലെന്നും നവാസ്
ഹരിതാ നേതാക്കളുടെ പരാതിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് പൊലീസിന് മുന്നിൽ ഹാജരായി. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നവാസ് ഹാജരായത്. പൊലീസ് വിളിച്ചതനുസരിച്ചാണ് വന്നതെന്നും എം.എസ്.എഫിലെ ഒരു വിഭാഗം ഉന്നയിച്ച പരാതിയെക്കുറിച്ചറിയില്ലെന്നും നവാസ് പറഞ്ഞു. ജൂൺ 24ന് നടന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മിനുട്സ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനും അന്വേഷ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
ഹരിത വിഷയം വഷളാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് ജനറൽ സെക്രട്ടറി പി.എം.എ സലാമാണെന്ന് കുറ്റപ്പെടുത്തിയാണ് ലത്തീഫ് തുറയൂരിന്റെ നേതൃത്വത്തിൽ എട്ടു ഭാരവാഹികൾ ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചത്. സലാമിന്റെ അപക്വമായ ഇടപെടൽ കൊണ്ടാണ് ഹരിത നേതാക്കൾക്ക് വനിതാകമ്മീഷനിലേക്ക് പോകേണ്ടി വന്നതെന്നും പറയുന്നു. തെറ്റായ തീരുമാനങ്ങൾ ചോദ്യം ചെയ്യുമ്പോഴെല്ലാം പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് പറയുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും കത്തിലുണ്ട്.
ഭരണഘടന സാധുതയില്ലെന്ന് മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം ഷാജിയടക്കം പറഞ്ഞ ഉന്നതാധികാര സമിതി ഹരിത കമ്മിറ്റിയെ പിരിച്ചുവിട്ടത് നീതികരിക്കാനാവില്ലെന്നാണ് നിലപാട്. തെറ്റുകാരനാണെന്ന് പാർട്ടി കണ്ടെത്തിയ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് നേതൃത്വത്തിന് കത്തെഴുതിയ സഹഭാരവാഹികൾ. ഹരിതയെ പിരിച്ചുവിട്ട തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16