Quantcast

പ്രധാനമന്ത്രി വയനാട്ടില്‍; ഉരുൾ ദുരന്തം വിതച്ച ഭൂമി ഹെലികോപ്ടറില്‍ ചുറ്റിക്കണ്ട് മോദി

കലക്ടറേറ്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും

MediaOne Logo

Web Desk

  • Updated:

    2024-08-10 07:29:48.0

Published:

10 Aug 2024 6:37 AM GMT

Prime Minister Narendra Modi arrives in Wayanad to visit the Mundakkai landslide disaster area
X

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടില്‍. ഹെലികോപ്ടറില്‍ ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തുകയാണ് അദ്ദേഹം. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ആകാശത്തുനിന്ന് നോക്കിക്കണ്ടു.

മൂന്ന് ഹെലികോപ്ടറുകളിലായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉദ്യോഗസ്ഥ സംഘവും അനുഗമിക്കുന്നുണ്ട്. ദുരന്തമേഖലയിലെ ആകാശനിരീക്ഷണത്തിനുശേഷം പ്രധാനമന്ത്രി കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങി. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും.

ഇതിനുശേഷം കല്‍പറ്റയില്‍ കലക്ടറേറ്റിലേക്ക് എത്തും. ഇവിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന സ്ക്രീന്‍ പ്രസന്‍റേഷന്‍ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. മേഖലയുടെ പുനര്‍നിര്‍മാണവും പുനരധിവാസവും ഉള്‍പ്പെടെ സംസ്ഥാനം തയാറാക്കിയ പദ്ധതികള്‍ അവതരിപ്പിക്കും. ദേശീയ-അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും.

ഇന്നു രാവിലെ 11 മണിയോടെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍നിന്ന് ഉടന്‍ തന്നെ വ്യോമസേനാ ഹെലികോപ്ടറിൽ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടുകയായിരുന്നു.

Summary: Prime Minister Narendra Modi arrives in Wayanad to visit the Mundakkai landslide disaster area

TAGS :

Next Story