Quantcast

'പ്രതിഭയുടെ പ്രതീകം': ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു

നാവികസേനയുടെ പുതിയ പതാക അനാച്ഛാദനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു

MediaOne Logo

Web Desk

  • Updated:

    2022-09-02 07:57:35.0

Published:

2 Sep 2022 3:37 AM GMT

പ്രതിഭയുടെ പ്രതീകം: ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു
X

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.കൊച്ചിൻ ഷിപ്പിയാർഡിൽ രാവിലെ 10.45ന്‌ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി കപ്പൽ കമ്മീഷൻ ചെയ്തത്.

രാജ്യത്തിന്റെ പ്രതിഭയുടെ പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഒരു ലക്ഷ്യവും നമുക്ക് അപ്രാപ്യമല്ലെന്ന് വിക്രാന്ത് സൂചിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. നാവികസേനയ്ക്കും ഷിപ്പിയാർഡിനും നന്ദി അർപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വപ്‌നം നാവികസേന സഫലമാക്കിയെന്നും പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്‌, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വിവിധ സേനാമേധാവികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രസക്തിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്. തദ്ദേശീയമായി വിമാനവാഹിനിക്കപ്പൽ നിർമിക്കുക എന്നത് വികസിത രാജ്യങ്ങൾക്ക് പോലും വൻ വെല്ലുവിളിയായിരിക്കേയാണ് ഇന്ത്യയുടെ നേട്ടം. കപ്പൽ നിർമിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ. പതിമൂന്ന് വർഷം കൊണ്ട് കൊച്ചിൻ ഷിപ്പ്യാർഡിലാണ് ഐഎൻഎസ് വിക്രാന്തിന്റെ നിർമാണം പൂർത്തിയായത് എന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.2300 കോടിയോളം രൂപ ചിലവഴിച്ചാണ് കപ്പലിന്റെ നിർമാണം.

ഏത് നിർണായക ഘട്ടത്തിലും കടലിന് നടുവിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ചെറുനഗരമായിരിക്കും ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് നിർമിക്കപ്പെട്ടതിൽ ഏറ്റവും വലിയ കപ്പൽ, കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമിച്ച ആദ്യ പടക്കപ്പൽ,3ഡി മോഡലിങ് സംവിധാനം ഉപയോഗപ്പെടുത്തി രൂപകൽപന ചെയ്ത രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പൽ തുടങ്ങി ഒട്ടേറെ സവിഷേതകൾ ഐഎൻഎസ് വിക്രാന്തിനുണ്ട്. പന്ത്രണ്ട് യുദ്ധവിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും ഒരേ സമയം വിന്യസിക്കാനുള്ളത്ര വ്യാപ്തിയുണ്ട് വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിന്. വായു മർദ്ദം ക്രമീകരിച്ച്‌, ആവശ്യമായ വേഗത കൈവരിക്കാൻ ഉതകുന്ന രീതിയിലാണ് വിക്രാന്തിന്റെ മുൻവശം. മിലിറ്ററി ഉപഗ്രഹങ്ങളും സാറ്റലൈറ്റ് ഫോണുകളും മുഖേന ലോകത്ത് എവിടെയും ഉള്ളവരുമായി അനായാസം ആശയവിനിമയം ചെയ്യാം.

കപ്പലിന് വേണ്ടി വന്ന 76ശതമാനം നിർമാണ സാമഗ്രികളും രാജ്യത്ത് തന്നെ ഉണ്ടാക്കിയെന്നത് പ്രശംസനീയമാണ്. കപ്പൽ നിർമാണത്തിനാവശ്യമായ എക്‌സ്ട്രാ ഹൈ ടെൻസൈൽ സ്റ്റീൽ രാജ്യചരിത്രത്തിലാദ്യമായി തദ്ദേശീയമായി നിർമിച്ച് ഉപയോഗിച്ച കപ്പലാണ് വിക്രാന്ത്. ഭാവിയിൽ ഏത് തരത്തിലുള്ള കപ്പൽനിർമാണത്തിനും ഈ ചുവടു വയ്പ്പ് പ്രചോദനമാകും.

260 മീറ്റർ നീളവും 62 മീ വീതിയും 59 മീറ്റർ ഉയരവുമുളള ഐഎൻഎസ് വിക്രാന്ത് വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ്. ഇന്ധനം സൂക്ഷിക്കാനായി 250 ടാങ്കറുകൾ,2400 കമ്പാർട്ട്‌മെന്റുകൾ, 1450 നാവികർക്കും ഇരുന്നൂറോളം ഉദ്യോഗസ്ഥർക്കും താമസിക്കാനുളള സൗകര്യവും ഇതിലുണ്ട്. യുദ്ധ വിമാനങ്ങൾക്ക് പറന്ന് ഉയരുന്നതിന് 14 ഡിഗ്രിയിൽ സ്‌കീ ജംപിന് സഹായിക്കുന്ന രീതിയിലാണ് റൺവേ നിർമ്മാണം. 4 മിനിറ്റിനുളള്ളിൽ 12 ഫൈറ്ററുകൾക്കും 6 ഹെലികോപ്റ്ററുകൾക്കും ഫ്‌ലൈറ്റ് ഡക്കിൽ നിന്ന് നിക്ഷ്പ്രയാസം പറന്നുയരാം.3 മെഗാവാട്ടിന്റെ 8 ഡീസൽ ജനറേറ്ററുകളാണു വൈദ്യുതോൽപാദനത്തിനായി ഉപയോഗിക്കുന്നത്.

പ്രതിദിന ഉത്പാദനം 24 മെഗാ വാട്ട് വൈദ്യുതി. വിക്രാന്തിൽ ഉപയോഗിച്ചിട്ടുള്ള ഇലക്ട്രിക് കേബിളുകളുടെ നീളം 3000 കിലോമീറ്ററോളം വരും. 16 കിടക്കകളുളള അത്യാധുനിക ആശുപത്രിയും സജ്ജീകരിച്ചിട്ടുണ്ട്.മണിക്കൂറിൽ മൂവായിരം ചപ്പാത്തി ഉണ്ടാക്കാന്‍ കഴിയുന്ന ഓട്ടമേറ്റഡ് ചപ്പാത്തി മേക്കറടക്കം ഉളള അടുക്കളയും വിക്രാന്തിലുണ്ട്.

ഐഎൻഎസ് വിക്രാന്തിന്റെ കമ്മിഷനിംഗിനൊപ്പം നാവികസേനയുടെ പുതിയ പതാക അനാച്ഛാദനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു. കൊളോണിയൽ ഭരണത്തിന്റെ ഓർമപ്പെടുത്തൽ ഒഴിവാക്കി രാജ്യത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന് അനുയോജ്യമായ പുതിയ പതാകയാണ് ഇന്ന് മുതൽ നാവികസേനയെ പ്രതിനിധാനം ചെയ്യുക.പുതിയ പതാക ഛത്രപതി ശിവജിക്ക് സമർപ്പിക്കുന്നുവെന്ന് പതാക അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.


TAGS :

Next Story