‘സാദിഖലി തങ്ങൾ അനുഗ്രഹിച്ചയാൾ വിജയിച്ചു’; ജിഫ്രി തങ്ങൾക്കെതിരെ ഒളിയമ്പുമായി പി.എം.എ സലാം
‘മുസ്ലിം സമുദായത്തിെൻറ പത്രങ്ങൾ ഏതാണെന്നും മനസ്സിലായി’
കോഴിക്കോട്: സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ഒളിയമ്പുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി തങ്ങൾ അനുഗ്രഹിച്ചയാൾ പാലക്കാട്ട് വിജയിച്ചുവെന്നും മറ്റൊരാൾ തലയിൽ കൈവെച്ച് അനുഗ്രഹിച്ച ഇടതു സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയെന്നും പി.എം.എ സലാം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ മുനവ്വറലി തങ്ങൾക്കും കെ.എം ഷാജിക്കുമൊപ്പം കുവൈത്തിൽ നടന്ന യുഡിഎഫ് വിജയാഹ്ലാദ ചടങ്ങിലായിരുന്നു പി.എം.എ സലാമിെൻറ ഒളിയമ്പ്.
ആരുടെ കൂടെയാണ് കേരളീയ മുസ്ലിം സമൂഹമെന്നത് ഇവിടെ വ്യക്തമായിരിക്കുന്നു. മുസ്ലിം സമുദായത്തിെൻറ പത്രങ്ങൾ ഏതാണെന്നും മനസ്സിലായി.
ഏത് രീതിയിലുള്ള വർഗീയ പ്രചാരണം നടത്തിയാലും കേരളീയ സമൂഹം അത് അംഗീകരിക്കില്ല എന്നതിെൻറ ഉദാഹരണമാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം. പാലക്കാട്ടെ മുസ്ലിം ന്യൂനപക്ഷം അക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തി. ആ മുസ്ലിം സമുദായത്തിന് നേതൃത്വം നൽകുന്നത് മുസ്ലിം ലീഗാണെന്നും വ്യക്തമായതായി പി.എം.എ സലാം കൂട്ടിച്ചേർത്തു.
അതേസമയം, പി.എം.എ സലാമിൻ്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി സമസ്ത നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പുകാലങ്ങളിൽ ആശീർവാദം തേടി സ്ഥാനാർത്ഥികൾ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുള്ളത് പതിവ് രീതിയാണ്. വരുന്നവരെ മാന്യമായി സ്വീകരിക്കുക എന്നത് മര്യാദയുമാണ്. ഇതിൻ്റെ പേരിൽ കേരള മുസ്‌ലിംകളിലെ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്തയെന്ന മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നത്.
മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ മറപിടിച്ച് സലഫി ആശയക്കാരായ സലാമുൾപ്പെടെ ചിലർ നിരന്തരമായി സുന്നീ വിശ്വാസങ്ങളെയും സമസ്തയെയും ആക്ഷേപിക്കുന്ന പ്രവണത കണ്ടുവരുന്നു. സലഫി പ്രസ്ഥാനവുമായി സുന്നീ വിശ്വാസികൾക്ക് ഒരിക്കലും യോജിക്കാത്ത വിഷയങ്ങൾ പോലും ലീഗ് വേദി പരസ്യമായി ഉപയോഗപ്പെടുത്തി തൻ്റെ സലഫി ആശയം പ്രചരിപ്പിക്കാനുപയോഗപ്പെടുത്തിയത് സമീപകാലത്താണ്. സുന്നത്ത് ജമാഅത്തിനെതിരെ ലീഗ് വേദി ഉപയോഗപ്പെടുത്തി നിരന്തരം സലഫീ ആശയം പ്രചരിപ്പിക്കുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും സമസ്തയെയും പരസ്പരം അകറ്റി സലഫി സം നടപ്പിലാക്കാനുള്ള തൽപരകക്ഷികളുടെ ശ്രമത്തെ ചെറുത്തു തോൽപിക്കുക തന്നെ ചെയ്യുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ജന. സെക്രട്ടരി, Sys സംസ്ഥാനകമ്മിറ്റി), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വര്‍ക്കിംഗ് സെക്രട്ടരി SYS സംസ്ഥാന കമ്മറ്റി), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (Sys സംസ്ഥാന സെക്രട്ടറി), എ.എം പരീദ് (ട്രഷറര്‍,Sys സംസ്ഥാന കമ്മറ്റി), ഇബ്രാഹിം ഫൈസി പേരാല്‍ (Sys സംസ്ഥാന വൈ: പ്രസിഡണ്ട്), മുസ്തഫ മുണ്ടുപാറ (SYS സംസ്ഥാന സെക്രട്ടരി), ഒ.പി.എം അഷറഫ് (SKSSF സംസ്ഥാന ജനറല്‍ സെക്രട്ടരി), സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തളി (വൈ. പ്രസിഡണ്ട് SKSSF സംസ്ഥാന കമ്മിറ്റി), അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ( SKSSF സംസ്ഥാന ട്രഷറര്‍) തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവച്ചു.
Adjust Story Font
16