സി.പി.എം ഫലസ്തീൻ റാലിയിൽ ലീഗ് തീരുമാനം നാളെ പ്രഖ്യാപിക്കുമെന്ന് പി.എം.എ സലാം
സി.പി.എം റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് എം.കെ മുനീർ
മലപ്പുറം/തിരുവനന്തപുരം: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തീരുമാനമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സി.പി.എമ്മിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ലീഗ് ഹൗസിൽ വിഷയത്തിൽ കൂടിയാലോചന നടത്തി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സി.പി.എം റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് എം.കെ മുനീർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
സി.പി.എമ്മുമായി വേദി പങ്കിടാൻ തീരുമാനിച്ചിട്ടില്ലെന്ന് സലാം മലപ്പുറത്ത് മാധ്യമങ്ങള ാേട് പറഞ്ഞു. എല്ലാ വിഷയങ്ങളും പരിഗണിച്ച് കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതു സാമുദായിക താൽപര്യമല്ല. മനുഷ്യാവകാശ വിഷയമാണ്. മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല. ഓരോ ദിവസവും എത്ര കുഞ്ഞുങ്ങളാണ് അവിടെ മരിച്ചുവീഴുന്നത്. അതിൽ മുസ്‌ലിംകൾ മാത്രമല്ല, ക്രിസ്ത്യാനിയും ജൂതനുമെല്ലാമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ലോകം മുഴുവൻ അതിനെ എതിർക്കുന്നു. കടുംകൊല ചെയ്യുന്ന ഇസ്രായേലിൽ പോലും ഇതിനെതിരെ പ്രകടനങ്ങൾ നടക്കുന്നു. ആ ലോകമനഃസാക്ഷിയുടെ കൂടെയാണ് ഞങ്ങൾ നിൽക്കുന്നു. അതിൽ ഒപ്പംനിൽക്കുന്ന ആളുകളൊക്കെ നിന്നുകൊള്ളും, ആരെയും നിർത്തേണ്ട ആവശ്യമില്ല.
ഇതു മുന്നണിരാഷ്ട്രീയവുമായും കേരളത്തിലെ തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട കാര്യമല്ല. മനഃസാക്ഷിയുള്ള മുഴുവൻ മനുഷ്യരെയും ബാധിക്കുന്ന കാര്യമാണ്. കേരളത്തിലെ രാഷ്ട്രീയസാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് പാർട്ടി കൂടിയാലോചിച്ചു ചെയ്യും. ഇന്നലത്തെ ഇ.ടിയുടെ പ്രസ്താനവയ്ക്കുശേഷം വിഷയം ആലോചിച്ചിക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ഔദ്യോഗിക രൂപമുണ്ടാക്കാനാണു നാളെ കൂടുന്നത്.''
ഇ.ടി ഞങ്ങളുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൂടിയാലോചിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തത്. പാർട്ടിയുടെ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി കൂടിയിരുന്ന് ഔദ്യോഗിക തീരുമാനമാക്കി വരുമെന്നും പി.എം.എ സലാം അറിയിച്ചു.
അതേസമയം, സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് എം.കെ മുനീർ പറഞ്ഞു. ഇ.ടി ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് അറിയില്ല. പാർട്ടി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. പാർട്ടി ആലോചനകൾക്കുശേഷം നേതൃത്വം കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം റാലി സ്വാഗതം ചെയ്യുന്നുണ്ടെന്നും മുനീർ പറഞ്ഞു. ലീഗിനെ ക്ഷണിച്ചതിൽ എന്റെ അഭിപ്രായം പാർട്ടിക്കുള്ളിൽ പറയും. ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിൽ തന്നെയാണുള്ളത്. അത് സുധാകരൻ പറയേണ്ട കാര്യമില്ല. കോൺഗ്രസിന്റെ കാര്യങ്ങൾ പറയേണ്ടത് അവരാണെന്നും മുനീർ കൂട്ടിച്ചേർത്തു.
Summary: PMA Salam that the Muslim League will hold a meeting tomorrow and announce the decision regarding participation in the CPM Palestine solidarity rally.
Adjust Story Font
16