Quantcast

മാധ്യമ പ്രവർത്തകയ്‌ക്കെതിരായ മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

ഐപിസി 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് ആണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-10-28 14:47:35.0

Published:

28 Oct 2023 12:40 PM GMT

Police booked Suresh Gopi for misbehaviour against Woman Journalist
X

കോഴിക്കോട്: മീഡിയവൺ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിനെതിരായ മോശം പെരുമാറ്റത്തിൽ സുരേഷ് ഗോപിക്കെതിരെ കേസ്. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഷിദയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിദ ഇന്ന് ഉച്ചയോടെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു

TAGS :

Next Story