ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദനാ ദാസിനെ 2023 മെയ് 10നാണ് സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുത്തിയത്. സ്ഥിരം മദ്യപാനിയായ സന്ദീപ് ബോധപൂർവമാണ് ആക്രമണം നടത്തിയതെന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 1050 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
136 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ 15 പേർ ദൃക്‌സാക്ഷികളാണ്. നെഞ്ചിലേറ്റ നാല് കുത്തുകളാണ് മരണകാരണമായി പറയുന്നത്. ഇതിൽ ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള കുത്താണ് ഏറ്റവും അപകടകരമായത്. സന്ദീപിന്റെ വസ്ത്രത്തിൽനിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദനാ ദാസിന്റെ 2023 മെയ് 10നാണ് സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
Adjust Story Font
16