Quantcast

ചിന്താ ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ്

ചിന്താ ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഹരജി.

MediaOne Logo

Web Desk

  • Updated:

    2023-02-27 10:48:06.0

Published:

27 Feb 2023 10:47 AM GMT

Police protection,Youth Congress leader,complaint ,Chintha Jerome, High Court order
X

ചിന്താ ജെറോമും വിഷ്ണു സുനിലും

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനാണ് പൊലീസ് സംരക്ഷണം നൽകാന്‍ ഉത്തരവായത്. കൊല്ലം ജില്ലാ പൊലീസ് മേധാവിയുൾപ്പെടെയുള്ളവർക്കാണ് നിർദേശം.

വിഷ്ണു നൽകിയ ഹരജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ വിജിലൻസിൽ പരാതി നൽകിയതിനെത്തുടർന്നാണ് തനിക്കെതിരെ വധഭീഷണിയുണ്ടായതെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്‌ണു സുനിൽ പന്തളം ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ചിന്താ ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്ന് ജീവനുപോലും ഭീഷണിയുണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതി.

ആഡംബര റിസോർട്ടിൽ താമസിച്ചതുമായി ബന്ധപ്പെട്ട് ചിന്ത ജെറോമിന്‍റെ വരുമാന സ്രോതസ്സടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ നേരത്തെ വിജിലൻസിനുൾപ്പെടെ പരാതി നൽകിയിരുന്നു. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചുവെന്നും ഇതിന്‍റെ വരുമാന സ്രോതസ് കാണിക്കണമെന്നുമായിരുന്നു വിഷ്ണു സുനിൽ പന്തളത്തിന്‍റെ പരാതി.

8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്‌മെൻറാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. എങ്കിൽ, 38 ലക്ഷത്തോളം രൂപ ചിന്ത നൽകേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലൻസിനും എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിലും നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് റിസോർട്ടിൽ തമസിച്ചതെന്ന് ചിന്താ ജെറോം പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഈ വിഷയത്തിൽ വിശദീകരണം നടത്തിയിരുന്നു.

TAGS :

Next Story