ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മേപ്പാടി പോളി ടെക്‌നികിൽ പൊലീസ് റെയ്ഡ്
ക്യാമ്പസിനകത്തും വിദ്യാർഥികളുടെ താമസ സ്ഥലത്തുമായിരുന്നു പൊലീസ് പരിശോധന
കൽപ്പറ്റ: വയനാട് മേപ്പാടി പോളിടെക്‌നിക് കോളജിൽ വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കോളജിൽ പൊലീസ് റെയ്ഡ് നടത്തി. ക്യാമ്പസിനകത്തും താഞ്ഞിലോട്, അമ്പലക്കുന്ന് എന്നിവിടങ്ങളിൽ വിദ്യാർഥികളുടെ താമസ സ്ഥലത്തുമായിരുന്നു പൊലീസ് പരിശോധന. അതിനിടെ ക്യാമ്പസിനകത്തെ ലഹരി ഉപഭോഗം സംബന്ധിച്ച് വിദ്യാർഥി സംഘടനകൾ തമ്മിൽ ആരോപണ പ്രത്യോരോപണങ്ങൾ രൂക്ഷമായി.
കഴിഞ്ഞ ശനിയാഴ്ച യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളജിലുണ്ടായ സംഘർഷത്തെ തുടർന്നാണ് കാമ്പസിനകത്തെ ലഹരി ഉപയോഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. എസ്.എഫ്.ഐ പ്രവർത്തകരെ യു.ഡി.എസ്.എഫിന്റെ നേതൃത്വത്തിലുള്ള ലഹരി സംഘം ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം.
എന്നാൽ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു അടക്കമുള്ളവർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായതെന്നും 28 വർഷമായി കോളജ് ഭരിക്കുന്ന എസ്.എഫ്.ഐ യുടെ നേതൃത്വത്തിലാണ് ക്യാമ്പസിൽ ലഹരിമാഫിയ തഴച്ചുവളർന്നതെന്നും യു.ഡി.എസ്.എഫ് പ്രവർത്തകരും പറയുന്നു
ലഹരിസംഘങ്ങളാൽ പൊറുതിമുട്ടിയാണ് ഇത്തവണ ചരിത്രത്തിലാദ്യമായി വിദ്യാർഥികൾ എസ്.എഫ്.ഐയെ തഴഞ്ഞ് യു.ഡി.എസ്.എഫ് പ്രവർത്തകരെ അധികാരമേൽപ്പിച്ചതെന്നും ഇതിന്റെ ജാള്യം മറക്കാനാണ് എസ്.എഫ്.ഐ വ്യാജ പ്രചരണമഴിച്ചുവിടുന്നതെന്നും യു.ഡി.എസ്.എഫ് പ്രവർത്തകർ പറഞ്ഞു. മേപ്പാടിയിലടക്കം ജില്ലയിലെ ചില ക്യാമ്പസുകളിൽ ലഹരി ഉപഭോഗത്തിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസും വ്യക്തമാക്കി.
Adjust Story Font
16