വിദ്വേഷ പ്രചാരണത്തിൽ കേസെടുത്ത് പൊലീസ്; പോസ്റ്റുകൾ നീക്കാമെന്ന് യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ ഹൈക്കോടതിയിൽ
സാമൂഹിക സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിൽ യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലീസ്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും ഈരാറ്റുപേട്ട പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിച്ചു.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി എൻ.എം നിയാസാണ്, ആരിഫ് ഹുസൈൻ സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹിക സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
ഗൂഗിൾ, മെറ്റ എന്നിവരെയും ഹരജിയിൽ കക്ഷിചേർത്തു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ഹരജിക്കാരുടെ വാദവും പരിശോധിച്ച കോടതി, ഹരജിക്കാരനോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈരാറ്റുപേട്ട പൊലീസും കോടതിയെ അറിയിച്ചു. ഇതോടെ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിക്കുകയായിരുന്നു.
ഇക്കാര്യം കോടതി രേഖപ്പെടുത്തി. ആരിഫ് ഹുസൈനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നേരത്തെ ഈരാറ്റുപേട്ട പൊലീസിനും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതുപ്രകാരമാണ്, ഈരാറ്റുപേട്ട പൊലീസിൻ്റെ അന്വേഷണം. ഐപിസി 153, 295-എ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Adjust Story Font
16