Quantcast

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് റിപ്പോർട്ട്; ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കോടതിയിൽ

എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് സ്ഥാനാർഥിയെന്ന നിലയിൽ രാഹുൽ ഇളവ് തേടിയിയിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-10-23 16:52:03.0

Published:

23 Oct 2024 2:17 PM GMT

Police Report Against Rahul Mankoottathil On Niyamasabha March Clash Case
X

തിരുവനന്തപുരം: നിയമസഭാ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ് കോടതിയിൽ. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് കോടതിയെ അറിയിച്ചു.

എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് സ്ഥാനാർഥിയെന്ന നിലയിൽ രാഹുൽ ഇളവ് തേടിയിയിരുന്നത്. കേസിൽ രണ്ടാഴ്ച മുമ്പാണ് രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് അടക്കമുള്ള പ്രതിപക്ഷ യുവജന സംഘടനാ നേതാക്കൾക്ക് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്.

ഇവരടക്കം 37 പേരാണ് കേസിൽ അറസ്റ്റിലായിരുന്നത്. തുടർന്ന് റിമാൻഡിലാവുകയും ഒരാഴ്ചയ്ക്കു ശേഷം ജാമ്യം ലഭിക്കുകയുമായിരുന്നു. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാവണം എന്നതായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ പാലക്കാട്ടെ സ്ഥാനാർഥിയായ പശ്ചാത്തലത്തിൽ ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ കോടതിയെ സമീപിച്ചത്.

അപേക്ഷയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു. ഇതിലാണ് പൊലീസിന്റെ റിപ്പോർട്ട്. രാഹുൽ കുറ്റകൃത്യം ആവർത്തിക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. മാസങ്ങൾക്കു മുമ്പ് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലും രാഹുൽ സമാന കുറ്റകൃത്യം ചെയ്തിരുന്നു.

ആ കേസിലും ആഴ്ചകൾക്കു ശേഷമാണ് ജാമ്യം ലഭിച്ചത്. നിയമസഭാ മാർച്ചിലും കുറ്റകൃത്യം ചെയ്തിരിക്കുന്നതായും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകാനിടയാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ വിശദമാക്കുന്നു. നിയമസഭാ മാർച്ചുമായി ബന്ധപ്പെട്ട് 50,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് രാഹുലും ഫിറോസുമടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പൊലീസ് റിപ്പോർട്ട് പരി​ഗണിച്ചായിരിക്കും ഇനി കോടതി തീരുമാനം.

അതേസമയം, പൊലീസ് നിലപാടിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്തെത്തി. എന്ത് ചെയ്തിട്ടാണ് സർക്കാർ തന്നെ സ്ഥിരം കുറ്റവാളിയായി കാണുന്നതെന്ന് രാഹുൽ ചോദിച്ചു. തന്നെ മാറ്റിനിർത്തി പാലക്കാട്ടെ വിധി അട്ടിമറിക്കാമെന്ന് കരുതിയാൽ പാലക്കാട് ജനത മറുപടി നൽകും. അത് താങ്ങാൻ സർക്കാരിനു കരുത്തുണ്ടാകണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.



TAGS :

Next Story