'ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്ന്'; പൊലീസ് റിപ്പോര്‍ട്ടിന്‍റെ പകർപ്പ് മീഡിയവണിന്
സര്‍ജിക്കല്‍ ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍, വീക്ക്ലി ഇന്‍സ്പെക്ഷന്‍ രജിസ്റ്റര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ രജിസ്റ്റര്‍ എന്നിവ പരിശേധിച്ചതായി റിപ്പോര്‍ട്ടില്‍
ഹര്‍ഷിന
കോഴിക്കോട്: ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്നു രേഖകളെല്ലാം പരിശോധിച്ച് കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പാണിത്. കത്രിക മെഡിക്കല്‍ കോളജിലേതാണെന്നുള്ളത് കണ്ടെത്തിയത് രേഖകള്‍ പരിശോധിച്ചാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 നവംബര്‍ 30നാണ് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടന്നത്.
2017 നവംബര്‍ 11 മുതല്‍ ഡിസംബര്‍ 11 വരെയുള്ള ഗൈനക്കോളജി എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ രജിസ്റ്റര്‍, സര്‍ജിക്കല്‍ ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍, വീക്ലി ഇന്‍സ്പെക്ഷന്‍ രജിസ്റ്റര്‍ മറ്റു ചികിത്സാ രേഖകള്‍ എന്നിവ കണ്ടെത്തി പരിശോധിച്ചു. വയറ്റില്‍നിന്ന് കണ്ടെത്തിയ ഉപകരണത്തിന്‍റെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നവംബര്‍ 30ന് രാത്രി 1.30ക്ക് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നടത്തിയ പ്രസവശസ്ത്രക്രിയയ്ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ടായ അശ്രദ്ധയും ജാഗ്രതക്കുറവും കാരണം 12 സെന്‍റി മീറ്റര്‍ നീളമുള്ള ശസ്ത്രക്രിയ ഉപകരണം ഗര്‍ഭപാത്രത്തിനും ബ്ലാഡറിനും ഇടയില്‍ കുടുങ്ങിയെന്ന് ഇതില്‍ പറയുന്നു.
ഹർഷിന എം.ആർ.ഐ സ്കാനിങ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കാര്യങ്ങളുമടങ്ങുന്നതാണ് റിപ്പോർട്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡോ. സി.കെ രമേശൻ, ഡോ. എം. ഷഹന, നഴ്സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവരെ പ്രതിചേർത്തുള്ള റിപ്പോർട്ട് കോടതിയിൽ നൽകിയത്.
Summary: MediaOne has obtained a copy of the police report submitted to the court in the Kozhikode Medical college Harshina case
Adjust Story Font
16