തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
ആകാശത്ത് കുടമാറ്റത്തിന് സമാനമായ വർണക്കുടകൾ വിരിയിക്കുന്ന വിസ്മയ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. ആകാശത്ത് കുടമാറ്റത്തിന് സമാനമായ വർണക്കുടകൾ വിരിയിക്കുന്ന വിസ്മയ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത.
തൃശൂരിന്റെ ആകാശമേലാപ്പിൽ ഇന്ന് രാത്രി ശബ്ദ-വർണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോൾ പതിനായിരങ്ങൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്. പിന്നാലെ പാറമേക്കാവും. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും.
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല.
സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രീൻ സോണായി രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാം. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.
Adjust Story Font
16