സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
എൻ.ഐ.എ, ഇ.ഡി റെയ്ഡിന് ശേഷം കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പി.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ് സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.
അതിനിടെ തെലുങ്കാനയിലെ പോപുലർ ഫ്രണ്ട് ആസ്ഥാനം എൻ.ഐ.എ സീൽ ചെയ്തിരിക്കുകയാണ്. പരിശോധന വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേർന്നു.
Adjust Story Font
16