Quantcast

'ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്‍പ് തീരുമാനം വ്യക്തമാക്കണം'; ബി.ജെ.പി സഖ്യത്തില്‍ ജെ.ഡി.എസിനോട് സി.പി.എം

ജെ.ഡി.എസ് സംസ്ഥാനനേതൃത്വത്തിന്‍റെ നിലവിലെ നിലപാടില്‍ പ്രശ്നമില്ലെന്ന് സി.പി.എം

MediaOne Logo

Web Desk

  • Published:

    28 Oct 2023 4:32 AM GMT

Position should be clarified before Lok Sabha elections; CPM to JDS in BJP alliance, JDS, CPM
X

തിരുവനന്തപുരം: ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന ദേശീയനേതൃത്വത്തിന്‍റെ നടപടിയുമായി ബന്ധപ്പെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്‍പ് നിലപാടില്‍ വ്യക്തത വരുത്തണമെന്ന് ജെ.ഡി.എസിനോട് സി.പി.എം നിർദേശം. സംസ്ഥാനത്ത് വ്യത്യസ്ത നിലപാട് സ്വീകരിച്ച് കൊണ്ട് ദേശീയ പാർട്ടിയുടെ ഭാഗമായി നില്‍ക്കുകയാണിപ്പോള്‍ ജെ.ഡി.എസ്. ഇത് തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയുണ്ടാക്കുമെന്നാണ് സി.പി.എമ്മിന്‍റെ ആശങ്ക. നിലവില്‍ സി.പി.എമ്മിന്‍റെ കൂടി പിന്തുണയുള്ളതുകൊണ്ടാണ് ശക്തമായ നിലപാട് സ്വീകരിക്കാതെ ജെ.ഡി.എസ് മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നത്.

ജെ.ഡി.എസ് ദേശീയ നേതൃത്വം എന്‍.ഡി.എയുടെ ഭാഗമായതോടെ തുടങ്ങിയ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ സംസ്ഥാനനേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂർണമായും വിഛേദിക്കണം എന്നതടക്കമുള്ള അഭിപ്രായങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടെങ്കിലും അതിനൊന്നും നേതൃത്വം ചെവികൊടുക്കുന്നില്ല. ജെ.ഡി.എസിന്‍റെ ഭാഗമായിനിന്ന് സംസ്ഥാനത്ത് എല്‍.ഡി.എഫില്‍ തുടരാം എന്നതാണ് അവരുടെ നിലപാട്. ഇതിനോട് സി.പി.എം നിലവില്‍ യോജിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, ആ യോജിപ്പ് തത്കാലത്തേക്ക് മാത്രമാണെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്‍പ് ജെ.ഡി.എസ് കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് സി.പി.എം നിർദേശം നല്‍കിയതായാണു വിവരം. എന്‍.ഡി.എയുടെ ഭാഗമായ പാർട്ടി ഇടത് മുന്നണിയില്‍ തുടരുന്നത് കേരളത്തില്‍ പ്രതിപക്ഷം ആയുധമാക്കിയിരിന്നു. ഇതേ നില തുടർന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്‍റെ പ്രധാന പ്രചാരണങ്ങളില്‍ ഒന്നായി ഇത് മാറുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്.

അതുകൊണ്ട് കൂടുതല്‍ കാലത്തേക്കുള്ള വിട്ടുവീഴ്ചയ്ക്ക് സി.പി.എം തയാറാകില്ല. കർണാടകയിലെ വിമത വിഭാഗവുമായി ചേർന്ന് പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് സി.പി.എമ്മിനെ ജെ.ഡി.എസ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. മറ്റ് പാർട്ടികളുടെ ആഭ്യന്തര വിഷയത്തില്‍ അധികം ഇടപെടുന്നതിന് പരിമിതിയുള്ളതുകൊണ്ടാണ് സി.പി.എം കടുപ്പിക്കാതെയുള്ള നയം സ്വീകരിക്കുന്നതെന്നാണ് വിവരം

Summary: 'Position should be clarified before Lok Sabha elections'; CPM to JDS in BJP alliance

TAGS :

Next Story