ഹൈക്കോടതി വിധി ഗൂഢാലോചനയെന്ന കെ.എം എബ്രഹാമിന്‍റെ പരാതിയില്‍ അന്വേഷണത്തിന് സാധ്യത
ഇന്നലെയാണ് കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിൻ്റെ പരാതിയിൽ അന്വേഷണത്തിന് സാധ്യത. തനിക്കെതിരെ ഗൂഢാലോചനയെന്ന പരാതി അന്വേഷിച്ചേക്കും. ജോമോൻ പുത്തൻപുരക്കലിനും ജേക്കബ് തോമസിനും എതിരെയാണ് പേരെടുത്ത് പറയാതെയുള്ള ആരോപണം. ഇന്നലെയാണ് കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് എതിരെയാണ് കെ.എം എബ്രഹാം ഗൂഢാലോചന ആരോപണം ഉന്നയിക്കുന്നത്. ജോമോന് ഒപ്പം താൻ ധനസെക്രട്ടറിയായിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിലെ രണ്ടു ഉന്നതരും ഗൂഢാലോചനയുടെ ഭാഗമാണെന്നും കെ.എം എബ്രാഹം കുറ്റപ്പെടുത്തി. ഇതിന് തെളിവായി ടെലഫോൺ വിശദാംശങ്ങൾ തൻ്റെ കൈവശമുണ്ടെന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. പരാതിക്കാരനും പൊതുമേഖലാ സ്ഥാപനത്തിലെ തലപ്പത്ത് ഉണ്ടായിരുന്ന ഉന്നതരും പല ഘട്ടത്തിലും പരസ്പരം സംസാരിച്ചിട്ടുണ്ട്.
2015 മുതൽ ആരംഭിച്ചതാണ് ഈ ഗൂഢാലോചന എന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഗൂഢാലോചന പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട ആവശ്യം. കിഫ്ബി ജീവനക്കാരോട് വിഷുദിന സന്ദേശത്തിലൂടെ വിശദീകരിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു. ഇതിനൊപ്പം കൂടുതൽ വിശദാംശങ്ങളും മുഖ്യമന്ത്രിക്ക് കത്തിനൊപ്പം കൈമാറി. ഭാര്യയുടെ ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ് മെൻ്റും ഇതിൽപ്പെടും.
Adjust Story Font
16

