പ്രസവശേഷം അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു
ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശേഷം അണുബാധയുണ്ടായ യുവതി മരിച്ചു. അമ്പലപ്പുഴ കരൂർ സ്വദേശി ഷിബിന ആണ് മരിച്ചത്. ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ മാർച്ച് 26നാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഷിബിനയുടെ പ്രസവം നടന്നത്. പ്രസവശേഷം ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇവരെ ഡിസ്‌ചാർജ് ചെയ്‌ത് പറഞ്ഞയക്കുകയായിരുന്നു എന്ന് ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.
മാർച്ച് 30ആം തീയതി കടുത്ത ശാരീരിക അസ്വസ്ഥതയെ തുടർന്ന് വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തന്നെ ഷിബിനക്ക് അണുബാധയുണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഹൃദയാഘാതം സംഭവിച്ചതാണ് മരണമെന്നും ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ, അണുബാധ സംബന്ധിച്ച പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
പ്രസവ ചികിത്സക്ക് ശേഷം മാരക അണുബാധ നിലനിൽക്കെയാണ് ഷിബിനയെ ഡിസ്ചാർജ് ചെയ്തതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചു. പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
തുടര്‍ന്ന് പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം.
Adjust Story Font
16