പോത്തൻകോട് ഗുണ്ടാ ആക്രമണം; പ്രതികൾക്കായി അന്വേഷണം ഊർജിതം
കൊലപാതകത്തിന് ശേഷം ജയഭേരി മുഴക്കി മടങ്ങി പോകുന്നത് സി.സി.ടി.വിയിൽ വ്യക്തമായിരുന്നു.
തിരുവനന്തപുരം പോത്തൻകോട് ഗുണ്ടാ ആക്രമണത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആറ്റിങ്ങൽ വധശ്രമക്കേസിൽ ഒളിവിലിരിക്കെയാണ് സുധീഷ് കൊല്ലപ്പെടുന്നത്.
ഈ മാസം 6 ന് ആറ്റിങ്ങൽ ഊരുപൊയ്കയിൽ നടന്ന വധശ്രമ കേസിലെ പിടികിട്ടാപുള്ളിയാണ് സുധീഷ്. ഇയാളുടെ സഹോദരനടക്കം നാലു പേർ അറസ്റ്റിലായിരുന്നു. ഈ കേസിൽ ഒളിവിൽ കഴിയവെയാണ് കല്ലൂരിലെ വീട്ടിൽ വച്ച് പത്തംഗ സംഘം മൃഗീയമായി സുധീഷിനെ വെട്ടിക്കൊന്നത്.
ദേഹമാസകലം വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകൾ കാലുവെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു. ജയഭേരി മുഴക്കി മടങ്ങി പോകുന്നത് സി.സി.ടി.വിയിൽ വ്യക്തമായിരുന്നു. രക്തം വാർന്നു കിടന്ന സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദാരുണാന്ത്യം നാട്ടുകാരുടെ മുന്നിൽ വച്ചായിരുന്നതിനാൽ ഇതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ഇയാൾ വഴിമധ്യേ പൊലീസിന് മൊഴി നൽകിയിരുന്നു. ഡി.ഐ.ജി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധികളിലും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16