പി.പി ദിവ്യ ഇന്ന് 5 മണി വരെ കസ്റ്റഡിയിൽ; പൊലീസ് ചോദിച്ചത് രണ്ട് ദിവസം
ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ
കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യയെ ഇന്ന് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
രണ്ട് ദിവസത്തേക്ക് ദിവ്യയെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. കൂടുതൽ മൊഴിയെടുക്കൽ അടക്കമുള്ള കാര്യങ്ങൾ പൊലീസ് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.
അഞ്ച് മണിക്ക് ശേഷം ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിൽ തിരിച്ചെത്തിക്കണം. ചോദ്യം ചെയ്യൽ എവിടെയാണ് എന്നതിൽ വ്യക്തതയില്ല. കണ്ണൂർ കലക്ടറുടെ മൊഴി, ബിനാമി ഉടപാടുകൾ ഉൾപ്പടെ നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.
ഇതിനിടെ ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ എത്തും. എന്നാൽ ഇതിൽ ഇന്ന് വാദം കേട്ടേക്കില്ല. പൊലീസ് റിപ്പോർട്ട് കോടതിയിലെത്തിയ ശേഷമാവും തുടർ നടപടികൾ.
Adjust Story Font
16