മഴക്കാലപൂർവ ശുചീകരണ യജ്ഞം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ
ഡെങ്കിപ്പനിയ്ക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ മഴക്കാലപൂർവ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്താൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററുടേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഴക്കാലം വരുന്നതിന് മുമ്പുതന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രിമാർ നിർദേശം നൽകി.
കൊതുകിന്റെ ഉറവിട നശീകരണം നടത്താൻ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കുന്നതാണ്. വീടുകളിൽ ഞായറാഴ്ചകളിലും, സ്‌കൂളുകളിൽ വെള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും, ഡ്രൈ ഡേ ആചരിക്കണം. വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം. കൊതുക് മുട്ടയിടാതിരിക്കാൻ ഒരു തുള്ളി വെള്ളം പോലും കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ജില്ലകളും റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധിക്കനുസരിച്ച് കർമ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ കളക്ടർമാർ അതിന് നേതൃത്വം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കണം. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. കോവിഡിനോടൊപ്പം നിപ പോലെയുള്ള രോഗങ്ങൾക്കെതിരേയും പ്രതിരോധം തീർക്കണം. പേവിഷബാധയ്ക്കെതിരെ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പ്രതിരോധം ശക്തമാക്കും. വളർത്ത് മൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കണം. മൃഗങ്ങളുടെ കടിയോ പോറലോ എറ്റാലും ആശുപത്രിയിൽ ചികിത്സ തേടണം. മലിനജലവുമായും മണ്ണുമായും സമ്പർക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. എന്തെങ്കിലും പകർച്ച വ്യാധികൾ ഒരു പ്രദേശത്ത് റിപ്പോർട്ട് ചെയ്താൽ അത് ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
വാർഡുതല സമിതികൾ ഊർജിതമാക്കി ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ആരോഗ്യ വകുപ്പുമായി ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശുചിത്വമിഷനുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും പ്രവർത്തനം ശക്തമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ശുചിത്വമിഷൻ ഡയറക്ടർ ഓപ്പറേഷൻസ്, ജില്ലാകളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രാഗ്രോം മാനേജർമാർ ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Pre-monsoon cleaning; Dry day on Friday, Saturday and Sunday
Adjust Story Font
16