Quantcast

അട്ടപ്പാടിയിൽ ഗർഭിണിയുടെ ദുരിതയാത്ര; സംഭവം പുറത്തു കൊണ്ടു വന്നവരെ മന്ത്രി കളിയാക്കുന്നെന്ന് വി.കെ ശ്രീകണ്ഠൻ എംപി

300 മീറ്റർ മാത്രമാണ് നടന്നതെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് യുവതിയുടെ ഭര്‍ത്താവ്

MediaOne Logo

Web Desk

  • Published:

    12 Dec 2022 5:59 AM GMT

അട്ടപ്പാടിയിൽ ഗർഭിണിയുടെ ദുരിതയാത്ര; സംഭവം പുറത്തു കൊണ്ടു വന്നവരെ മന്ത്രി കളിയാക്കുന്നെന്ന് വി.കെ ശ്രീകണ്ഠൻ എംപി
X

പാലക്കാട്: അട്ടപ്പാടി കടുകുമണ്ണ ഊരിൽ നിന്ന് ഗർഭിണിയെ പുതപ്പിൽ ചുമന്ന് കൊണ്ടുവന്ന സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണനെതിരെ വി.കെ ശ്രീകണ്ഠൻ എംപി. ഗർഭിണിയുമായി 300 മീറ്റർ മാത്രമാണ് നടന്നതെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

'വനത്തിലൂടെ മൂന്നര കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂർ വേണം. സംഭവം പുറത്തു കൊണ്ടു വന്നവരെ മന്ത്രി കളിയാക്കുകയാണ്. പ്രശ്‌നം പരിഹരിക്കാൻ മന്ത്രി നടപടി സ്വീകരിക്കുന്നില്ലെന്നും വി.കെ ശ്രീകണ്ഠൻ ആരോപിച്ചു. മന്ത്രിയുടെ വാദം തെറ്റെന്ന് യുവതിയുടെ ഭർത്താവും പ്രതികരിച്ചു.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സുമതി മുരുകൻ(25) എന്ന യുവതിയെ കി.മീറ്ററുകളോളം തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടത്തറ സ്‌പെഷാലിറ്റി ആശുപത്രിയിൽ യുവതി പരിശോധനയ്‌ക്കെത്തിയിരുന്നു. പരിശോധന പൂർത്തിയാക്കി ഊരിലേക്ക് മടങ്ങുകയും ചെയ്തു. രാത്രി 12 മണിയോടെയാണ് പ്രസവവേദന അനുഭവപ്പെടുന്നത്. തുടർന്ന് ആംബുലൻസിനായി വിളിച്ചു. എന്നാൽ, ഇവരുടെ ഊരിലേക്ക് ആംബുലൻസിന് എത്താൻ ഗതാഗതസൗകര്യമില്ല. ആനവായി ഫോറസ്റ്റ് ചെക്‌പോസ്റ്റ് വരെ മാത്രമേ ആംബുലൻസിന് എത്താനാകൂ. അതുകഴിഞ്ഞുള്ള വനപാതയിലൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമില്ല.

എന്നാൽ, ഇവർക്ക് കൃത്യസമയത്ത് ആംബുലൻസിന്റെ സഹായം ലഭിച്ചില്ല. നിരവധി തവണ കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലേക്കും ബന്ധപ്പെട്ടെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണ് ആംബുലൻസ് എത്തിയത്. തുടർന്നാണ് ഇവർ ഗർഭിണിയെ തുണിമഞ്ചലിൽ കെട്ടി നടന്നത്. തുടർന്ന് ആംബുലൻസിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഞ്ചരയോടെ ആശുപതിയിലെത്തിക്കുകയും യുവതി പ്രസവിക്കുകയും ചെയ്തു.

TAGS :

Next Story