Quantcast

പ്രിയ വർഗീസ് തിരികെ ജോലിയിലേക്ക്; നീലേശ്വരം ക്യാമ്പസിലേക്ക് നിയമന ഉത്തരവായി

പ്രിയ വർഗീസിന് മതിയായ അധ്യാപന യോഗ്യതയില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    4 July 2023 5:30 AM GMT

priya varghese
X

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നീലേശ്വരം ക്യാമ്പസിലാണ് നിയമനം.

പതിനഞ്ച് ദിവസത്തിനുള്ളിൽ നീലേശ്വരം ക്യാമ്പസിൽ ജോയിൻ ചെയ്യണമെന്നും നിയമന ഉത്തരവിൽ പറയുന്നു. പ്രിയ വർഗീസിന് മതിയായ അധ്യാപന യോഗ്യതയില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തിരുന്നു. എട്ട് വർഷത്തെ അധ്യാപന പരിചയം സംബന്ധിച്ച് പ്രിയ വർഗീസ് ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പൂർണമായും അംഗീകരിക്കുകയും ചെയ്തു.

പിന്നാലെയാണ് കണ്ണൂർ സർവകലാശാല തിരക്കിട്ട് പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകിയത്. എന്നാൽ, ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത് പ്രിയ വർഗീസിന് തിരിച്ചടിയായേക്കും. യുജിസിയുടെ 2018ലെ റെഗുലേഷന് വിരുദ്ധമായ നടപടിയാണ് ഡിവിഷൻ ബെഞ്ചിന്റേതെന്നാണ് യുജിസി പറയുന്നത്. ഇത് അംഗീകരിക്കില്ലെന്നും യുജിസി അറിയിച്ചിട്ടുണ്ട്. അതിനാൽ പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്‌തുകൊണ്ട്‌ സുപ്രിംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യുജിസി. ഇതിനെതിരെ പ്രിയ വർഗീസ് തടസഹരജിയും സമർപ്പിച്ചിട്ടുണ്ട്.

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്കറിയയും സുപ്രിംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സുപ്രിംകോടതി വിഷയത്തിൽ ഹരജിക്കാർക്ക് അനുകൂലമായി നിലപാട് എടുക്കുകയാണെങ്കിൽ പ്രിയ വർഗീസ് വീണ്ടും കൂടുതൽ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും.

പ്രിയ വർഗ്ഗീയ്സന്റെ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നു കാട്ടി സർവകലാശാല ചാൻസലർ കൂടിയായ ഗവണർ ആരിഫ് മുഹമ്മദ് ഖാൻ 2022ൽ നിയമനം തടഞ്ഞിരുന്നു. പ്രിയ വർഗീസ് എന്തുകൊണ്ടാണ് അസോസിയേറ്റ് പ്രൊഫസർ പദവിയ്ക്ക് അനര്‍ഹയെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി നൽകിയ വിശദമായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗവർണർ സർക്കാർ പോര് രൂക്ഷമകുന്നതും ഈ നടപടികൾക്ക് പിന്നാലെയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്.

നിയമനത്തിനായി പ്രിയ വര്‍ഗീസിന് 156 ഉം, രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്ക്ക് 651 പോയിന്‍റുമായിരുന്നു റിസര്‍ച് സ്‌കോര്‍ ഉണ്ടായിരുന്നത്. അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി. ഇതാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഗവർണർ നിയമനം മരവിപ്പിച്ചതിന് പിന്നാലെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു.

TAGS :

Next Story