കോട്ടയത്തെ റാഗിങ് അതിഭീകരവും മനുഷ്യത്വരഹിതവും, എസ്എഫ്ഐക്കെതിരെ പ്രചരണം നടത്തുന്നു; എം.വി ഗോവിന്ദൻ
'കേന്ദ്രസഹായത്തിൽ യുഡിഎഫ് ഉൾപ്പെടെയുള്ള ആരുമായും കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ തയ്യാർ'

തിരുവനന്തപുരം: കോട്ടയത്തെ റാഗിങ് അതിഭീകരവും മനുഷ്യത്വരഹിതവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്എഫ്ഐയുമായി നേഴ്സിങ് കോളേജുകൾക്ക് യാതൊരു ബന്ധവുമില്ല. എസ്എഫ്ഐയുടെ പോഷക സംഘടന എന്ന കള്ള പ്രചരണം നടത്തുന്നു. എന്ത് പ്രശ്നം വരുമ്പോഴും എസ്എഫ്ഐക്കെതിരെ പ്രചരണം നടക്കുന്നുവെന്നും പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ അടക്കം ചൂണ്ടിക്കാട്ടി ഗോവിന്ദൻ പറഞ്ഞു.
"വാളയാർ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. അന്നേ പറഞ്ഞതാണ് ആത്മഹത്യ ചെയ്തതാണെന്ന്. പക്ഷേ എസ്എഫ്ഐ കെട്ടിത്തൂക്കി എന്നാണ് പറഞ്ഞത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ കൃത്യമായി പറയുകയും ചെയ്തു. ഇതിൻറെ മറ്റൊരു പതിപ്പാണ് വാളയാർ അമ്മ. അമ്മയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്തു കൊണ്ടുപോയി. സിബിഐ അന്വേഷണത്തിൽ അമ്മയുടെ പേരും രക്ഷിതാക്കളുടെ പേരുമാണ് പറഞ്ഞത്. ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല," ഗോവിന്ദൻ പറഞ്ഞു.
മുണ്ടക്കൈ പുനരധിവാസത്തിലെ കേന്ദ്രസഹായം വിചിത്രമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പണം അനുവദിച്ചത് ആളുകളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഉൾപ്പെടെയുള്ള ആരുമായും കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ തയ്യാറാണെന്നും, കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള കേരളത്തിന് വേണ്ടിയുള്ള സമരം ആയിരിക്കണം അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ടിപി ശ്രീനിവാസനെ തല്ലിയതിൽ തെറ്റില്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എ ആർഷോയുടെ പ്രതികരണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി.
Adjust Story Font
16