പ്രവാചകനിന്ദാ പരാമർശം ധ്രുവീകരണ അജണ്ടയുടെ ഭാഗം- ടി. ആരിഫലി
''ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പ്രസ്താവനക്കെതിരെ ആഗോളതലത്തിൽ ഉയർന്നുവന്നിട്ടുള്ള പ്രതിഷേധങ്ങൾ ബഹുസ്വരതയെ മാനിക്കണമെന്ന കരുത്തുറ്റ സന്ദേശമാണ് നൽകുന്നത്.''
വളാഞ്ചേരി: പ്രവാചകനിന്ദാ പരാമർശം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും ഖുർആനിന്റെ അടിത്തറയിൽ നിന്നുകൊണ്ട് ഫാസിസ കാലഘട്ടത്തിന്റെ ശക്തികൾക്കെതിരെ പോരാടണമെന്നും ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി. പൂക്കാട്ടിരി ഐ.ആർ.എച്ച്.എസിന് കീഴിൽ പുതുതായി പ്രവർത്തനം ആരംഭിച്ച അൽ ഫജ്ർ ഖുർആൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പ്രസ്താവനക്കെതിരെ ആഗോളതലത്തിൽ ഉയർന്നുവന്നിട്ടുള്ള പ്രതിഷേധങ്ങൾ ബഹുസ്വരതയെ മാനിക്കണമെന്ന കരുത്തുറ്റ സന്ദേശമാണ് നൽകുന്നതെന്ന് ടി. ആരിഫലി ഓർമിപ്പിച്ചു. ഇന്ത്യയിൽ ആഴത്തിൽ വേരുള്ള മുസ്‍ലിം സമുദായത്തിന്റെ ആദർശാടിത്തറകളെ തകർക്കാനുള്ള ഫാസിസത്തിന്റെ ശ്രമങ്ങൾ വിജയിക്കാൻ പോകുന്നില്ല. ഫാസിസത്തിന് ആളുകളെ ഇല്ലാതാക്കാനായാലും ആശയങ്ങളെ ഉന്മൂലനം ചെയ്യാനാകില്ല. ബഹുസ്വരതയെ തകർത്ത് ഏകശിലാത്മകമായ സംസ്‌കാരത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ കൂട്ടായി ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ചെയർമാൻ വി.കെ അലി അധ്യക്ഷത വഹിച്ചു. ഡോ. ആർ. യുസഫ് മുഖ്യപ്രഭാഷണം നടത്തി.
Summary: BJP leader Nupur Sharma's remarks on the Prophet Muhammed is part of the polarization agenda, says Jamaat-e-Islami national secretary general T. Arifali
Adjust Story Font
16