ആനുപാതികമായി പ്ലസ് വൺ സീറ്റില്ല; മലപ്പുറത്ത് വിദ്യാർഥികളുടെ ഉപരിപഠനം ഇത്തവണയും പ്രതിസന്ധിയിലാകും
77,691 പേരാണ് ജില്ലയിൽ ഇത്തവണ ഉപരിപഠനത്തിന് അർഹത നേടിയത്
മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ മലപ്പുറം ജില്ല മികച്ച നേട്ടം ആവർത്തിക്കുമ്പോഴും വിജയിച്ച കുട്ടികളുടെ ഉപരിപഠനം ഇത്തവണയും പ്രതിസന്ധിയിലാകും. പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ ജില്ലയിലില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 77,691 പേരാണ് ജില്ലയിൽ ഇത്തവണ ഉപരിപഠനത്തിന് അർഹത നേടിയത്.
മലപ്പുറം ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി കഴിഞ്ഞ വർഷം അധികമായി അനുവദിച്ച സീറ്റുകൾ എടുത്താലും ഇത്തവണയും ഉപരിപഠനം പ്രതിസന്ധിയിലാകുമെന്നാണ് കണക്കുകൾ. ജില്ലയിലെ 85, സർക്കാർ സ്‌കൂളുകളിലും 88 എയ്ഡഡ് ഹയർസെക്കൻററി സ്‌കൂളുകളിലുമായി 41,950 സീറ്റാണ് മെറിറ്റ് ക്വോട്ടയിൽ സർക്കാർ അനുവദിച്ചത്. എയ്ഡഡ് വിഎച്ച്എസ്ഇകളിലായി 5274 സീറ്റുകളാണ് ലഭ്യമാകുക. ഇതുൾപ്പെടെ ആകെ 47,224 സീറ്റുകളാണ് മെറിറ്റ് സീറ്റുകൾ. ഇത് കൂടാതെ 11,275 അൺ എയ്ഡഡ് മേഖലകളിലെ സീറ്റുകളുമാണ് ഉപരിപഠനത്തിനുള്ളത്. അൺ എയ്ഡഡ് മേഖലയിലെ സീറ്റുകളിൽ അഡ്മിഷൻ നേടിയാലും 58,449 കുട്ടികൾക്കേ പ്രവേശനം ലഭിക്കൂ. 19,242 കുട്ടികൾക്ക് നിലവിലെ സീറ്റുകളുടെ എണ്ണമനുസരിച്ച് ഉപരിപഠനത്തിന് അവസരമില്ല. അൺഎയ്ഡഡിലെ പഠനം വലിയ സാമ്പത്തിക ചെലവ് വരുമെന്നുള്ളതും നിരവധി വിദ്യാർഥികൾക്ക് പ്രതിസന്ധിയാണ്. ഇതോടൊപ്പം സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷഫലം കൂടി വരുന്നതോടെ ഉപരിപഠനത്തിന് അർഹത നേടിയ കുട്ടികളുടെ എണ്ണം വർധിക്കും. ഇതോടെ ഉപരിപഠനഅവസരം നിഷേധിക്കപ്പെടുന്നവരുടെ എണ്ണം ആനുപാതികമായി കൂടും.
കഴിഞ്ഞ വർഷം 30 ശതമാനം മാർജിനൽ വർധനയും 31 താത്ക്കാലിക ബാച്ചുകളും പ്രത്യേകമായി അനുവദിച്ച ശേഷവും സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 61,666 പേർക്കാണ് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചത്. കഴിഞ്ഞ വർഷം 75,554 പേരാണ് ഉപരിപഠനത്തിന് അവസരം നേടിയതെങ്കിൽ ഇത്തവണ 2137 കുട്ടികൾ വർധിച്ച് 77,691 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ഇക്കുറിയും ആവശ്യമായ സീറ്റുകളില്ലാത്തതോടെ ഇഷ്ടമുള്ള വിഷയങ്ങൾ ആഗ്രഹിക്കുന്ന സ്‌കൂളിൽ പഠിക്കാനാകാതെ പണം മുടക്കിയോ ഓപ്പൺ സ്‌കൂൾ സംവിധാനത്തിലോ നിരവധി വിദ്യാർഥികൾക്ക് പഠിക്കേണ്ടി വരും.
Adjust Story Font
16