രോഗിയുടെ മരണം അനാസ്ഥ മൂലമെന്ന് പരാതി; ആലപ്പുഴ മെഡി. കോളജിൽ മൃതദേഹവുമായി പ്രതിഷേധം
25 ദിവസങ്ങൾക്കു മുൻപാണ് ഉമൈബയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ആലപ്പുഴ: രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. രാത്രി 12 മണിയോടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ മൃതദേഹം എടുത്തുവച്ചാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്.
പുന്നപ്ര സ്വദേശി 70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ് ആരോപണം. 25 ദിവസങ്ങൾക്കു മുൻപാണ് ഉമൈബയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പനി ബാധിച്ച് ആശുപത്രിയിലെത്തിച്ച ഉമൈബയുടെ അസുഖം മൂർച്ഛിച്ചു. ഗുരുതരാവസ്ഥയിലായ ഉമൈബയെ ചൊവ്വാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോടെ മരിച്ചു. ന്യൂമോണിയ മൂർച്ഛിച്ചതാണ് മരണം കാരണം. വണ്ടാനം ആശുപത്രിയിൽ വേണ്ട പരിചരണം ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
പ്രതിഷേധം ഒന്നര മണിക്കൂറോളം നീണ്ടതോടെ ആശുപത്രി സൂപ്രണ്ട് അബ്ദുൽസലാം എത്തി. ആശുപത്രിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും എന്ന ഉറപ്പിന്മേലാണ് ബന്ധുക്കൾ പിരിഞ്ഞു പോയത്.
Adjust Story Font
16