കാട്ടാന ആക്രമണത്തിൽ മരണം; കോതമംഗലത്ത് മൃതദേഹവുമായി പ്രതിഷേധം
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ
കൊച്ചി/ഇടുക്കി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം. നേര്യമംഗലം കാഞ്ഞിരവേലിയിൽ കൊല്ലപ്പെട്ട ഇന്ദിര(70)യുടെ മൃതദേഹവുമായാണ് കോൺഗ്രസ് നേതാക്കളടക്കമുള്ളവർ പ്രതിഷേധിച്ചത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രദേശത്തെ വാഹനഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രതിഷേധം നടക്കുന്നത്.
കൃഷിയിടത്തിൽ കൂവ വിളവെടുക്കുന്നതിന് ഇടയിൽ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണപ്പെട്ടത്. തൊട്ടടുത്ത് റബ്ബർ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികാണ് ആനയെ ഓടിച്ച് ഇന്ദിരയെ ആശുപത്രിയിലെത്തിച്ചത്. ഈ വർഷം അഞ്ചാമത്തെയാളാണ് ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. എറണാകുളത്തിന്റെയും ഇടുക്കിയുടെ അതിർത്തിപ്രദേശമാണ് കാഞ്ഞിരവേലി. ഇരു ജില്ലകളിലെയും ആർആർടികൾ തമ്മിൽ ധാരണയില്ലാത്തത് ആനയെ പ്രതിരോധിക്കുന്നതിൽ തടസ്സമാകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, വന്യജീവി ആക്രമണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇടുക്കിയിൽ സർവ്വകക്ഷി യോഗം വിളിച്ചു. ഒമ്പതാം തീയതിയാണ് യോഗം.
ഫെബ്രുവരി 10നാണ് വയനാട്ടിലും ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ബേലൂർ മഗ്ന പനച്ചിയിൽ അജീഷിനെയാണ് ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.
Adjust Story Font
16