'എൻ.എസ്.എസ് ക്യാംപിന്റെ മറവിൽ സ്വവർഗരതിയും അധാർമികതയും പ്രോത്സാഹിപ്പിക്കുന്നു'; വിമർശനവുമായി മതസംഘടനകൾ
യു.എസിലെ ജോൺ ഹോപ്കിൻസ് ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പരാജയപ്പെട്ട ഡോ. ജോൺമണിയുടെ നിരീക്ഷണങ്ങളാണ് ലിംഗമാറ്റ വിപ്ലവത്തിന് തെളിവായി എൻ.എസ്.എസ് ക്യാംപിൽ പഠിപ്പിക്കുന്നതെന്നതെന്ന് നാസർ ഫൈസി വിമർശിച്ചു
നാസര്‍ ഫൈസി കൂടത്തായി, ഡോ. അബ്ദുല്ല ബാസില്‍
കോഴിക്കോട്: സ്‌കൂളുകളിലെ എൻ.എസ്.എസ് ക്യാംപിന്റെ മറവിൽ സ്വവർഗരതി പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശനം. ഇത്തവണ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന നാഷനൽ സർവീസ് സ്‌കീം ക്യാംപിലാണ് അധാർമികവും അശാസ്ത്രീയവുമായ വിവരങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ നീക്കം നടത്തുന്നതെന്നാണു പരാതി. ക്യാംപിൽ അവതരിപ്പിക്കാനായി അധ്യാപകർക്കു നൽകിയ 'സമദർശൻ' എന്ന പേരിലുള്ള മൊഡ്യൂളിലാണു വിവാദ ഭാഗങ്ങളുള്ളത്. വിവിധ മതസംഘടനാ നേതാക്കളാണു പരാതിയുമായി രംഗത്തെത്തിയത്.
ഡിസംബർ 26ന് ആരംഭിക്കുന്ന ക്യാംപ് ജനവുരി ഒന്നിനാണ് അവസാനിക്കുന്നത്. ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പാഠപുസ്തകത്തിൽനിന്ന് മാറ്റുമെന്ന് സർക്കാർ ഉറപ്പുനൽകിയ അന്ധവിശ്വാസങ്ങളും വൃത്തികേടുകളുമാണ് എൻ.എസ്.എസിന്റെ ക്യാംപിൽ പഠിപ്പിക്കാൻ അധ്യാപകർ നിർബന്ധിതരായിരിക്കുന്നതെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു. സമദർശൻ എന്ന പേരിലെ പഠനങ്ങളെല്ലാം അധാർമ്മിക പാഠങ്ങളാണ്. യു.എസിലെ ജോൺ ഹോപ്കിൻസ് ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പരാജയപ്പെട്ട ഡോ. ജോൺമണിയുടെ നിരീക്ഷണങ്ങളാണ് ലിംഗമാറ്റ വിപ്ലവത്തിന് തെളിവായി എൻ.എസ്.എസ് ക്യാംപിൽ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
അതിലിബറൽ ചിന്തയും അന്ധമായ കാടൻവിശ്വാസവും തലയിൽ കയറിയവരുടെ നിഗമനങ്ങൾ പരീക്ഷിക്കാനുള്ള വേദിയല്ല സർക്കാർ സ്‌കൂളുകളെന്നും നാസർ ഫൈസി വ്യക്തമാക്കി. സ്വന്തം ക്യാംപും ഗൈഡും മൊഡ്യൂളും വേണമെങ്കിൽ ആകാം. സർക്കാർ ചെലവിൽ കുട്ടികളെ അത്തരം കാര്യങ്ങൾ പഠിപ്പിക്കുമ്പോൾ സമ്മതിക്കാനാവില്ല. പ്രതികരണങ്ങളുണ്ടാവും. ധാർമികമൂല്യങ്ങൾ ആഗ്രഹിക്കുന്ന രക്ഷിതാക്കളും സമൂഹവും ജാഗ്രത പാലിക്കണമെന്നും സമസ്ത നേതാവ് ആവശ്യപ്പെട്ടു.
സമദർശൻ എന്ന പേരിലുള്ള മൊഡ്യൂളിലൂടെ അശാസ്ത്രീയവും സാമൂഹികവിരുദ്ധവും അധാർമികവും ആഭാസങ്ങളിലേക്കു കുട്ടികളെ തള്ളിവിടുന്ന തരത്തിലുമുള്ളതുമായ കാര്യങ്ങളാണു കുട്ടികളെ പഠിപ്പിക്കാൻ പോകുന്നതെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബാസിൽ സി.പി വിമർശിച്ചു. സ്വവർഗരതിയെ സാമാന്യവൽക്കരിച്ച് പ്രോത്സാഹിപ്പിക്കുന്നു. ലിംഗവ്യക്തിത്വവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ വിവരങ്ങൾ പഠിപ്പിക്കുന്നു. സ്വവർഗരതി ജനിതകമാണെന്നു സ്ഥാപിക്കാൻ അശാസ്ത്രീയമായ വിവരങ്ങൾ ചേർത്തിരിക്കുന്നു. ജനിക്കുമ്പോൾ കുട്ടികളുടെ ലിംഗം പുരുഷനോ സ്ത്രീയോ എന്നു നിർണയിക്കപ്പെടുന്നില്ലെന്നും മൊഡ്യൂളിൽ വ്യക്തമാക്കുന്നുണ്ടെന്നും ബാസിൽ ചൂണ്ടിക്കാട്ടി.
''പൊതുവിദ്യാലയങ്ങളിലൂടെയും എൻ.എസ്.എസ് പോലെയുള്ള പൊതുസംവിധാനങ്ങളിലൂടെയും എന്തിനാണ് ഒരു ധാർമികത പഠിപ്പിക്കുന്നത്? പൊതുവിദ്യാലയങ്ങൾ എല്ലാ വിശ്വാസത്തിലുള്ളവർക്കുമുള്ളതാണ്. അവിടേക്ക് ഇത്തരം അജണ്ടകൾ കടത്തരുത്. ഒരു ശാസ്ത്രത്തിന്റെ പിൻബലവുമില്ലാത്ത ആശയങ്ങൾ എൻ.എസ്.എസ് ക്യാംപുകളിലൂടെയും സ്‌കൂളിലൂടെയും ഒളിച്ചുകടത്തുന്നത്. ഇതിനെതിരെ രക്ഷിതാക്കൾ രംഗത്തിറങ്ങണം.''
ഏകപക്ഷീയമായ അജണ്ടകൾ നടപ്പാക്കുകയാണ് ഇത്തരം ക്യാംപുകളിലൂടെ ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളിലൂടെ ഏകപക്ഷീയമായി ലിബറലിസവും എൽ.ജി.ബി.ടി രാഷ്ട്രീയവും അടിച്ചേൽപ്പിക്കുകയാണ്. അതിന് വിദ്യാർത്ഥികളെ പരീക്ഷണവസ്തുക്കളാക്കുകയാണ്. സമൂഹം തകരുന്ന, സ്ത്രീസുരക്ഷയെ അപകടത്തിലാക്കുന്ന വളരെ ഗൗരവമേറിയ വിഷയമാണിത്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകണമെന്നും വിദ്യാർത്ഥികളും പ്രതികരിക്കണമെന്നും ഡോ. അബ്ദുൽ ബാസിൽ ആവശ്യപ്പെട്ടു.
നാസർ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എൻ.എസ്.എസ് ക്യാംപിലെത്തുന്ന കുട്ടികളും അവരെ അയക്കുന്ന രക്ഷിതാക്കളും ജാഗ്രതൈ
ഇന്ന്(ഡിസം. 26ന്) ആരംഭിച്ച് ജനുവരി ഒന്നിന് അവസാനിക്കുന്ന ഹയർ സെക്കൻഡറി തലത്തിലെ സ്‌കൂൾ വിദ്യാർത്ഥിക്കായി സർക്കാറുകൾ നടത്തുന്ന എൻ.എസ്.എസ്(നാഷണൽ സർവീസ് സ്‌കീം) ക്യാംപിൽ അവതരിപ്പിക്കാൻ അധ്യാപകർക്ക് സർക്കാർ നൽകിയ ഗൈഡും മെഡ്യൂളും അത്യന്തം അപകടകരമാണ്. ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വിവാദമായപ്പോൾ പാഠപുസ്തകത്തിൽനിന്ന് മാറ്റുമെന്ന് സർക്കാർ പറഞ്ഞ എല്ലാ അന്ധവിശ്വാസങ്ങളും വൃത്തികേടും എൻ.എസ്.എസിന്റെ ക്യാംപിൽ പഠിപ്പിക്കാൻ അധ്യാപകർ നിർബന്ധിതരായിരിക്കുകയാണ്.
സമദർശൻ എന്ന പേരിലെ പഠനങ്ങളെല്ലാം അധാർമ്മിക പാഠങ്ങളാണ്. സെക്ഷ്വൽ ഓറിയന്റേഷൻ എന്ന പേരിൽ Homosexaltiyയെ(സ്വവർഗരതിയെ) ജനിതകമായി അവതരിപ്പിക്കുകയാണ്. LGBTQI + എന്ന ആശയധാര ആഗോള അട്ടർ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിട്ടും വീണ്ടും നമ്മുടെ കുട്ടികളെ സർക്കാർ ചെലവിൽ പഠിപ്പിക്കുകയാണ്. ഡീൻ ഹാമറിന്റെ അശാസ്ത്രീയ നിഗമനമാണ് തെളിവായി ഉദ്ധരിക്കുന്നത്. DSM-5-TRൽ ഇത് ജനിതകമാണെന്ന് എൻ.എസ്.എസ് ഗൈഡിൽ സർക്കാർ എഴുതിപ്പിടിപ്പിക്കുമ്പോൾ അതുവരെ സ്വവർഗരതി മെന്റൽ ഡിസോഡറാണെന്ന പഠന റിപ്പോർട്ടുകളെ കുറിച്ച് ഗൈഡ് മൗനം പാലിക്കുകയാണ്.
Homosex ജനിതകമാണെന്ന് സമർത്ഥിക്കാൻ അവലംഭിക്കുന്നത് ശാസ്ത്രത്തെയല്ല മറിച്ച് പൊളിറ്റിക്കൽ അജണ്ടയായാണെന്ന് തിരിച്ചറിയണം. സെക്‌സും ജെൻഡറും രണ്ടാണെന്നും ജെൻഡർ ആർക്കും തോന്നുമ്പോഴൊക്കെ മാറാമെന്നും എൻ.എസ്.എസ് ഗൈഡ് പറഞ്ഞുവെക്കുന്നുണ്ട്.
ജെൻഡർ മാറുമ്പോൾ മാറുന്ന ജെൻഡറിന്റെ ആനുകൂല്യവും വകവെച്ച് നൽകുമ്പോൾ ആണായ ഒരുത്തൻ പെണ്ണിന്റെ ജെൻഡർ അവകാശപ്പെടുക വഴി താടിയും മീശയും മറ്റും വെച്ച് പെൺ റിസർവേഷനിലും ജയിലിൽ പെൺസെല്ലിലും ഇടം കാണുമ്പോഴുണ്ടാകുന്ന ദുരന്തം സൃഷ്ടിക്കുന്നത് ആരാണെന്ന് സമൂഹം തിരിച്ചറിയണം.
ലിംഗം തന്നെ മാറാൻ ഗൈഡ് പ്രേരിപ്പിക്കുന്നുണ്ട്. അതിന് തെളിവായി ഉദ്ധരിക്കുന്നതാവട്ടെ ഡോ. ജോൺമണിയെ. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് എന്ന ഹോസ്പിറ്റലിൽ ബ്രൂസിയെ ലിംഗം മാറ്റി പരാജയപ്പെട്ടയാളാണ് ഈ ജോൺമണി. ജാനറ്റ്-റൈമർ ദമ്പതികൾ അവരുടെ ഇരട്ടക്കുട്ടികളിൽ ആണായ ബ്രൂസിനെ തന്റെ തീപ്പൊള്ളിയ ലിംഗം ചികിത്സിക്കാനായി ജോൺമണിയെ സമീപിച്ചപ്പോൾ അയാൾ ശസ്ത്രക്രിയയിലൂടെ ബ്രൂസിയെ പെണ്ണാക്കി മാറ്റി പേര് ബ്രെൻഡയാക്കി. അതുമായി പൊരുത്തപ്പെടാൻ ബ്രൂസിയെന്ന ബ്രെൻഡക്കായില്ല. വർഷങ്ങൾക്കുശേഷം വീണ്ടും ബ്രൂസി ആണായി റെയ്മറായി. പെണ്ണായി വളർന്നവളെ(നെ) ആണായി അംഗീകരിക്കാൻ സമൂഹം തയ്യാറായില്ല. ഒടുക്കം 38-ാമത്തെ വയസ്സിൽ ബ്രൂസി എന്ന ബ്രെൻഡ എന്ന റെയ്മർ ആത്മഹത്യ ചെയ്തു.
ഈ ജോൺമണിയുടെ പരാജയപ്പെട്ട കാര്യമാണ് ആത്മഹത്യാകാര്യം പറയാതെ 'ലിംഗമാറ്റ വിപ്ലവ'ത്തിന് തെളിവായി എൻ.എസ്.എസ് ക്യാംപിൽ പഠിപ്പിക്കുന്നത്. അതിലിബറൽ ചിന്തയും അന്ധമായ കാടൻവിശ്വാസവും തലയിൽ കയറിയവരോട് പറയാനുള്ളത് നിങ്ങളുടെ നിഗമനങ്ങൾ പരീക്ഷിക്കാനുള്ള വേദിയല്ല സർക്കാർ സ്‌കൂളുകൾ. നിങ്ങൾക്ക് സ്വന്തം ക്യാംപും ഗൈഡും മൊഡ്യൂളും ആവാം. അത് നിങ്ങളുടെ സ്വാതന്ത്ര്യം, പക്ഷേ അത് സർക്കാർ ചെലവിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ സമ്മതിക്കാനാവില്ല. പ്രതികരണങ്ങളുണ്ടാവും.
ധാർമ്മിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന രക്ഷിതാക്കളും സമൂഹവും ജാഗ്രത പാലിക്കണം, എൻ.എസ്.എസ് ക്യാംപിലെ ദുരന്ത പാഠങ്ങൾ പകരാതിരിക്കാൻ.
പ്രതിഷേധങ്ങൾ തന്നെ ഉയരട്ടെ.
Summary: Religious organizations protest over promoting homosexuality and immorality in NSS camps in higher secondary schools
Adjust Story Font
16