Quantcast

പുൽപ്പള്ളിയിൽ സംഘര്‍ഷാവസ്ഥ; വനംവകുപ്പിന്റെ ജീപ്പിന് നേരെ ആക്രമണം, ടയറിന്‍റെ കാറ്റഴിച്ചുവിട്ടു

കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്‍റെ ജീപ്പിന് മുകളില്‍ കയറ്റിവെച്ചും പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2024-02-17 06:07:30.0

Published:

17 Feb 2024 5:31 AM GMT

പുൽപ്പള്ളിയിൽ സംഘര്‍ഷാവസ്ഥ;  വനംവകുപ്പിന്റെ ജീപ്പിന് നേരെ ആക്രമണം, ടയറിന്‍റെ കാറ്റഴിച്ചുവിട്ടു
X

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ തകർന്നു. വാഹനത്തിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാർക്ക് നേരെയും നാട്ടുകാർ പ്രതിഷേധിച്ചു. ജീപ്പ് കടത്തിവിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പ് മറിച്ചിടാനും ശ്രമം നടത്തിയിരുന്നു. ജീപ്പിന്‍റെ കാറ്റഴിച്ചുവിട്ടും ഷീറ്റുകള്‍ വലിച്ചുകീറിയുമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡവും പുല്‍പ്പള്ളിയില്‍ എത്തിച്ചും പ്രതിഷേധം നടത്തി. ട്രാക്ടറിൽ എത്തിച്ച പശുവിന്റെ ജഡം വനം വകുപ്പിന്‍റെ ജീപ്പിന് മുകളില്‍ കയറ്റിവെക്കുകയും ചെയ്തു. വനംവകുപ്പിന്‍റെ ജീപ്പില്‍ റീത്തും നാട്ടുകാര്‍ വെച്ചിരുന്നു. വയനാട് കേണിച്ചിറയിലാണ് കടുവയുടെ ആക്രമണത്തില്‍ പശു ചത്തത്.വാഴയിൽ ഗ്രേറ്ററിൻ്റെ പശുവിനെയാണ് കടുവ കൊന്നത്. വീടിന് സമീപം കെട്ടിയ പശുവിനെയാണ് കൊന്നത്.

അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹം സ്വീകരിക്കാന്‍ നിബന്ധനകള്‍ വെച്ചിരിക്കുകയാണ് ബന്ധുക്കള്‍. നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാലേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കൾ. വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർത്താൽ പുരോഗമിക്കുകയാണ്.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നാണ് നാട്ടിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെയാണ് വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം സെൻ്ററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിനു സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്.

ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേ സമയം വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


TAGS :

Next Story