പൊലീസ് സേനയിലെ ഒഴിവ് നികത്തണം; നവകേരള സദസ്സിൽ പരാതിയുമായി പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ
40 ദിവസത്തിനുള്ളിൽ പരാതി പരിഹരിക്കുമെന്ന സർക്കാരിന്റെ ഉറപ്പിലാണ് നവകേരള സദസ്സിൽ പരാതി നൽകാനെത്തിയതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
തിരുവനന്തപുരം: പൊലീസ് സേനയിലെ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നവകേരള സദസ്സിൽ പരാതി നൽകി. ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് നിയമനം വേഗത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ കാസർകോട് മുതൽ തിരുവനന്തപുരം വരേയുള്ള നവകേരള സദസ്സിൽ പരാതി നൽകി.
2019ൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൽപ്പെട്ടത് 13000 പേരാണ്. എന്നാൽ കഴിഞ്ഞ നാല്് വർഷത്തിനിടെ നിയമനം ലഭിച്ചത് 3000ൽ താഴെ ആളുകൾക്ക് മാത്രമാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നാല് മാസത്തിനകം അവസാനിക്കും. യോഗ്യത നേടിയിട്ടും പുറത്തുനിൽക്കുന്നത് പതിനായിരത്തോളം ഉദ്യോഗാർഥികളാണ്.
പൊലീസിലെ ഏഴ് ബറ്റാലിയനുകളിലായി നിരവധി ഒഴിവുകളുണ്ടായിട്ടും സർക്കാർ നിയമനം നടത്താൻ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികൾ 40 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന സർക്കാർ വാഗ്ദാനം വിശ്വസിച്ചാണ് പരാതി നൽകിയതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
Adjust Story Font
16