പി.ടി ഇനി അമ്മയ്‌ക്കൊപ്പം
എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ചിതാഭസ്മത്തിൽ ആദരമർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന പി ടി തോമസിന്റെ ചിതാഭസ്മം ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ ബാബു, കെ സി ജോസഫ് തുടങ്ങിയ പ്രധാന നേതാക്കളുടെ സാന്നിധ്യത്തിൽ അഞ്ചരയോടെയാണ് ചിതാഭസ്മം കല്ലറയിൽ നിക്ഷേപിച്ചത്. പാലാരിവട്ടത്തെ പിടിയുടെ വീട്ടിൽ നിന്നും 8 മണിക്ക് തിരിച്ച സ്മൃതിയാത്ര വൈകീട്ട് 5 മണിയോടെ സെന്റ് ജോസഫ് പള്ളിയിൽ അവസാനിച്ചു.
നൂറിലധികം കോൺഗ്രസ് പ്രവർത്തകരാണ് ചിതാഭസ്മത്തിൽ ആദരവർപ്പിക്കാൻ എത്തിയത്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ചിതാഭസ്മത്തിൽ ആദരമർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഓരോയിടത്തും നിരവധി പേർ പി ടിക്ക് ആദരമർപ്പിക്കാനെത്തി. പി ടി യുടെ പ്രിയപ്പെട്ട പാട്ട് കേൾപ്പിച്ചായിരുന്നു സ്മൃതി യാത്ര. ചിതാഭസ്മം കല്ലറയിൽ നിക്ഷേപിക്കുന്നത് ക്രൈസ്തവ ആചാരപ്രകാരം അല്ലാത്തതിനാൽ മതവികാരം വൃണപ്പെടുത്താതെ നിശബ്ദരായി ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ഇടുക്കി രൂപത നേരത്തെ അഭ്യർഥിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം തന്നെയായിരുന്നു ചടങ്ങുകൾ.
Adjust Story Font
16