പി.ടി സെവൻ ഇനി 'ധോണി'; പുതിയ പേരിട്ടത് വനം മന്ത്രി എ.കെ ശശീന്ദ്രൻ
നാല് വർഷമായി ധോണിയിൽ ഭീതി പരത്തിയ ആനയെ ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പൂട്ടിയത്.
പാലക്കാട്: പാലക്കാട് ജില്ലയിലെ ധോണി മേഖലയിൽ ഭീതി വിതച്ച പി.ടി സെവൻ (പാലക്കാട് ടസ്‌കർ ഏഴാമൻ) ഇനി ധോണി എന്ന പേരിൽ അറിയപ്പെടും. വനം മന്ത്രി എ.കെ ശശീന്ദ്രനാണ് പുതിയ പേരിട്ടത്. നാല് വർഷമായി ധോണിയിൽ ഭീതി പരത്തിയ ആനയെ ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പൂട്ടിയത്.
മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയായ അപ്പക്കാട് വെച്ച് ഇന്ന് രാവിലെ 7.15 ഓടെയാണ് പി.ടി സെവനെ മയക്കുവെടി വെച്ചത്. തുടർന്ന് സുരേന്ദ്രൻ, ഭദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു. മയക്കുവെടിയേറ്റ് മയങ്ങിയ ആനയെ ഏറെ ശ്രമകരമായാണ് ലോറിയിൽ കയറ്റിയത്.
15 അടി നീളവും 18 അടി ഉയരവുമുള്ള കൂട്ടിലാണ് ആനയെ പൂട്ടിയത്. അവിടെ വെച്ചാണ് ആനയെ ചട്ടം പഠിപ്പിക്കുക. മറ്റു കുങ്കിയാനകളുടെ സഹായത്തോടെ നാല് മാസത്തെ പരിശീലനമാണ് നൽകുക. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശനഷ്ടമുണ്ടാക്കിയ കൊമ്പനാണ് ഒടുവിൽ കൂട്ടിലായത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്.
Adjust Story Font
16